Home Sports‘പിസിബിയിൽ നിന്ന് മോശം അനുഭവം’; ആഖിബ് ജാവേദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജേസൺ ഗില്ലസ്പി

‘പിസിബിയിൽ നിന്ന് മോശം അനുഭവം’; ആഖിബ് ജാവേദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജേസൺ ഗില്ലസ്പി

by news_desk1
0 comments

സിഡ്നി: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും ചീഫ് സെലക്ടർ ആഖിബ് ജാവേദിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ ടെസ്റ്റ് പരിശീലകൻ ജേസൺ ഗില്ലസ്പി. പാകിസ്ഥാനിലെ പരിശീലന അനുഭവം മാനസികമായി തന്നെ തളർത്തിയെന്നും കോച്ചിംഗ് തുടരണമോ എന്ന് പോലും ചിന്തിക്കേണ്ട സാഹചര്യമുണ്ടായെന്നും ‘ദി ടെലിഗ്രാഫിന്’ നൽകിയ അഭിമുഖത്തിൽ ഗില്ലസ്പി വ്യക്തമാക്കി.

ആഖിബ് ജാവേദ് ചീഫ് സെലക്ടറായി ചുമതലയേറ്റതോടെയാണ് പാകിസ്ഥാൻ ക്രിക്കറ്റിലെ തന്റെ സാഹചര്യം പൂർണമായി മാറിയതെന്ന് ഗില്ലസ്പി പറഞ്ഞു. താൻ കൈകാര്യം ചെയ്തിരുന്ന പല കാര്യങ്ങളിലും ആഖിബ് ജാവേദ് ഇടപെട്ടെന്നും തന്നെ പൂർണമായി അവഗണിച്ചെന്നും അദ്ദേഹം ആരോപിച്ചു. ടീം സെലക്ഷനിലും സപ്പോർട്ട് സ്റ്റാഫിനെ തീരുമാനിക്കുന്നതിലും തനിക്ക് യാതൊരു അധികാരവുമില്ലാത്ത അവസ്ഥയുണ്ടായെന്നും ഗില്ലസ്പി പറഞ്ഞു.

തനിക്ക് ലഭിക്കേണ്ട ആയിരക്കണക്കിന് ഡോളർ വേതനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ സ്വന്തം അന്തസ് പണയപ്പെടുത്തി ബോർഡിന്റെ താൽപര്യങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ‘യസ്-മാൻ’ ആകാൻ താൻ തയ്യാറായിരുന്നില്ലെന്നും ഗില്ലസ്പി വ്യക്തമാക്കി.

ആഖിബ് ജാവേദിൽനിന്ന് കടുത്ത അവഗണനയും അപമാനവും നേരിടേണ്ടിവന്നെന്നാണ് ഗില്ലസ്പിയുടെ ആരോപണം. ബോർഡിന്റെയും ചെയർമാന്റെയും പിന്തുണയുള്ളതിനാലാണ് ആഖിബ് ജാവേദ് അധികാരത്തോടെയാണ് പെരുമാറിയതെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും ഗില്ലസ്പി പറഞ്ഞു.

പാകിസ്ഥാൻ ക്രിക്കറ്റ് ഇപ്പോൾ വലിയ അലങ്കോലാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ആഖിബ് ജാവേദ് തുടരുന്നിടത്തോളം കാലം പാക് ക്രിക്കറ്റിന് മുന്നോട്ട് പോകാനാകില്ലെന്നും ഗില്ലസ്പി കൂട്ടിച്ചേർത്തു. പരിശീലകന് ആവശ്യമായ സ്വാതന്ത്ര്യം നൽകുകയും ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള അധികാരം നൽകുകയും ചെയ്താൽ മാത്രമേ പാകിസ്ഥാൻ ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You may also like