ന്യൂഡൽഹി: ഫോണിൽ ഇന്റർനെറ്റ് കണക്ഷനില്ലെങ്കിലും യുപിഐ വഴി പണമടയ്ക്കാം. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ രണ്ട് പുതിയ സംവിധാനങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്റർനെറ്റില്ലാതെ പണമടയ്ക്കാൻ സഹായിക്കുന്ന യുപിഐ ടാപ്പ് ആൻഡ് പേയും അക്കൗണ്ട് ദുരുപയോഗം തടയാൻ സഹായിക്കുന്ന എഐ അധിഷ്ഠിത മൈ യുപിഐയുമാണ് പുതിയ സംവിധാനങ്ങൾ.
ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് രണ്ട് പദ്ധതികളും പ്രഖ്യാപിച്ചത്. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ നിലവിൽ 89 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും ലളിതവുമാക്കുകയാണ് പുതിയ സംവിധാനങ്ങളുടെ ലക്ഷ്യമെന്ന് ആർബിഐ അറിയിച്ചു.
യുപിഐ ടാപ്പ് ആൻഡ് പേ
കോൺടാക്റ്റ്‌ലെസ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിലാണ് യുപിഐ ടാപ്പ് ആൻഡ് പേ പ്രവർത്തിക്കുക. എൻഎഫ്സി സൗകര്യമുള്ള സ്മാർട്ട്ഫോൺ അൺലോക്ക് ചെയ്ത് എൻഎഫ്സി പിന്തുണയ്ക്കുന്ന പിഒഎസ് മെഷീനിൽ ടാപ്പ് ചെയ്താൽ പണമടയ്ക്കാം.
ഇടപാട് നടത്തുന്ന സമയത്ത് ഉപയോക്താവിന്റെ ഫോണിൽ മൊബൈൽ ഡാറ്റ ആവശ്യമായി വരില്ല. പിഒഎസ് മെഷീന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് ഇടപാട് പൂർത്തിയാക്കുക.
5,000 രൂപ വരെയുള്ള ചെറിയ തുകകളുടെ ഇടപാടുകൾക്ക് യുപിഐ പിൻ നൽകേണ്ടതില്ല. എന്നാൽ 5,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പിൻ നൽകണം. റുപേ ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ യുപിഐ ലിങ്ക്ഡ് അക്കൗണ്ടുകൾ വഴിയും ഈ സേവനം ഉപയോഗിക്കാനാകും.
മൈ യുപിഐ
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച എഐ പിന്തുണയുള്ള ഉപഭോക്തൃ സേവന പ്ലാറ്റ്‌ഫോമാണ് മൈ യുപിഐ. എൻപിസിഐയുടെ എഫ്ഐഎംഐ സ്മോൾ ലാംഗ്വേജ് മോഡലിനെ അടിസ്ഥാനമാക്കിയാണ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
ഉപയോക്താവിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെട്ടതായി സംശയം തോന്നിയാൽ യുപിഐ വഴി പണം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്ന ഫീച്ചറാണ് മൈ യുപിഐയിലുള്ളത്. സ്വന്തം മൊബൈൽ നമ്പർ വഴി യുപിഐ പേയ്‌മെന്റുകൾ ലഭിക്കുന്നത് തടയാനും ഇതിലൂടെ സാധിക്കും.
