തൃശൂർ: പാർട്ട് ടൈം വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തൃശൂർ വരവൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് 3,12,568 രൂപ തട്ടിയതായി പരാതി. ചെറുതുരുത്തി പൊലീസിൽ നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
ടെലഗ്രാം ആപ്പ് വഴിയാണ് യുവതിയെ തട്ടിപ്പുകാർ പരിചയപ്പെട്ടത്. ഫിനാൻഷ്യൽ കൺസൾട്ടന്റാണെന്ന് പരിചയപ്പെടുത്തി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത ശേഷം വിവിധ ടാസ്കുകൾ പൂർത്തിയാക്കാനെന്ന പേരിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ടു. 2025 ഏപ്രിൽ 20 മുതൽ 25 വരെ എട്ട് ഘട്ടങ്ങളിലായി യുവതി ആകെ 3,12,568 രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയച്ചു.
ആദ്യഘട്ടത്തിൽ 3,000 രൂപ കമ്മീഷനെന്ന പേരിൽ തിരികെ നൽകിയെങ്കിലും പിന്നീട് പണമോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ ലഭിച്ചില്ല. സംശയം തോന്നി പണം തിരികെ ആവശ്യപ്പെട്ടതോടെ തട്ടിപ്പുകാർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് മുങ്ങുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
