Home Top Stories‘പ്രധാന തെളിവാണെങ്കിൽ ഇങ്ങനെ പുറത്തുവിടുമോ? ഈ ദിവസം തന്നെ എന്തിന്?’; ഇ.ഡിക്കെതിരെ മുഹമ്മദ് റിയാസ്

‘പ്രധാന തെളിവാണെങ്കിൽ ഇങ്ങനെ പുറത്തുവിടുമോ? ഈ ദിവസം തന്നെ എന്തിന്?’; ഇ.ഡിക്കെതിരെ മുഹമ്മദ് റിയാസ്

by news_desk1
0 comments

കോഴിക്കോട്: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. ബോധപൂർവം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രധാന തെളിവുകളായി കാണുന്ന വിവരങ്ങളാണെങ്കിൽ ഇ.ഡി. അവ ഇത്തരത്തിൽ പുറത്തുവിടുമോയെന്നും റിയാസ് ചോദിച്ചു.

വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അവസാന ദിവസമാണ് ഇന്നെന്നും വൈകീട്ട് ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലി നടക്കാനിരിക്കുകയാണെന്നും റിയാസ് ചൂണ്ടിക്കാട്ടി. ഇത്തരമൊരു ദിവസം തന്നെ വിവരങ്ങൾ പുറത്തുവിടാൻ ഇ.ഡി. എന്തിന് തെരഞ്ഞെടുത്തുവെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.

തന്നെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്താനുള്ള ശ്രമം നേരത്തെയും നടന്നിരുന്നുവെന്നും അന്ന് അത് പൊളിഞ്ഞെന്നും റിയാസ് പറഞ്ഞു. ഇപ്പോൾ പുതിയ കഥയുമായാണ് ഇ.ഡി. എത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് നിയോജക മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പായിരുന്നു ‘നമ്മൾ ബേപ്പൂർ’ എന്നും റിയാസ് വ്യക്തമാക്കി. ഈ ഗ്രൂപ്പ് ഹവാല ഇടപാടിനായി രൂപീകരിച്ചതാണെന്നാണ് ഇ.ഡി. ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ഗ്രൂപ്പിലുണ്ടായിരുന്നുവെന്നും ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി പരിശോധിക്കാവുന്നതാണെന്നും റിയാസ് പറഞ്ഞു.

വീണ ഹവാല പണമാണെന്ന് സമ്മതിച്ചുവെന്ന പ്രചാരണം ശുദ്ധ അസംബന്ധവും കളവുമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഒരിടത്തും ഹവാലയെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളപ്പണമാണെന്ന് വീണ സമ്മതിച്ചുവെന്ന് ഇ.ഡി. പറയുന്നത് ബോധപൂർവമാണെന്നും തന്നെ മോശമാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും റിയാസ് ആരോപിച്ചു. ഭാവിയിൽ ഒരു ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു പേപ്പറിൽ എഴുതിയ കാര്യമാണ് ‘റെഡ് ബുക്ക്’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

You may also like