Home Keralaഓപ്പറേഷൻ തൂഫാനിൽ മുൻ നഗരസഭാ അധ്യക്ഷൻ അറസ്റ്റിൽ; തൊടുപുഴയിൽ രാസലഹരി ഉപയോഗിക്കുന്നതിനിടെ പിടിയിൽ

ഓപ്പറേഷൻ തൂഫാനിൽ മുൻ നഗരസഭാ അധ്യക്ഷൻ അറസ്റ്റിൽ; തൊടുപുഴയിൽ രാസലഹരി ഉപയോഗിക്കുന്നതിനിടെ പിടിയിൽ

by news_desk1
0 comments

തൊടുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ് രാസലഹരി ഉപയോഗിക്കുന്നതിനിടെ അറസ്റ്റിലായി. പൊതുനിരത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. പൊലീസ് എത്തുമ്പോഴേക്കും സനീഷ് ലഹരി ഉപയോഗിച്ചുകഴിഞ്ഞിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. രാസലഹരി ഉപയോഗിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ച്, പൈപ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കൽനിന്ന് പൊലീസ് കണ്ടെത്തി. എന്നാൽ കൂടുതൽ ലഹരിവസ്തുക്കൾ ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ലഹരിക്കായി പണം കൈമാറിയതിന്റെ ഡിജിറ്റൽ രേഖകളും പൊലീസ് കണ്ടെത്തിയതായി പറയുന്നു. സനീഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കാളിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

സനീഷിന്റെ കൈവശമുണ്ടായിരുന്നത് എംഡിഎംഐ ആണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വിശദ പരിശോധനകളും ചോദ്യം ചെയ്യലും പൂർത്തിയായ ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. നേരത്തെയും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കൈവശം വച്ചതിന് സനീഷ് ജോർജിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ജില്ലയിലെ കോൺഗ്രസ് പ്രവർത്തകനായ സനീഷ് ജോർജ് കഴിഞ്ഞ ഭരണസമിതിയിലാണ് തൊടുപുഴ നഗരസഭ അധ്യക്ഷനായത്. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് അന്ന് സനീഷ് സിപിഎമ്മിന് പിന്തുണ നൽകിയിരുന്നു. പിന്നീട് കൈക്കൂലി കേസിനെ തുടർന്ന് അധ്യക്ഷസ്ഥാനം രാജിവച്ച സനീഷ് ജോർജ് അടുത്തിടെ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി സജീവമായിരുന്നു.

അതേസമയം, ഓപ്പറേഷൻ തൂഫാനിൽ മുൻ ജനപ്രതിനിധി അറസ്റ്റിലായ സംഭവത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

You may also like