കൽപ്പറ്റ: അനുവദനീയമായ അളവിൽ കൂടുതലായി മദ്യം കൈവശംവെച്ചെന്ന കേസിൽ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്ക്ക് 12 വരെയാണ് കസ്റ്റഡി. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് എക്സൈസിന് അനുമതി ലഭിച്ചത്. വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്.
കേസിൽ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിയിട്ടുണ്ട്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
വാഴവറ്റയിലെ വീട്ടിൽനിന്ന് അനുവദനീയമായ അളവിൽ കൂടുതലുള്ള 67 ലിറ്റർ മദ്യശേഖരമാണ് കണ്ടെത്തിയത്. എന്നാൽ വീട് ആന്റോ അഗസ്റ്റിന്റേതല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വീടു നേരത്തെ മറ്റൊരാൾക്ക് അറ്റാച്ച് ചെയ്ത് നൽകിയതാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ 2025ൽ ആന്റോ അഗസ്റ്റിന്റെ പേരിൽ നികുതി അടച്ചതിന്റെ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
വീട്ടിൽ ഇത്രയധികം മദ്യം എന്തിനാണ് സൂക്ഷിച്ചത്, ആർക്കുവേണ്ടിയാണ് എത്തിച്ചത്, മദ്യത്തിന്റെ ഉറവിടം എന്താണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. പിടിച്ചെടുത്തതിൽ 43 ലിറ്ററിലധികം വിദേശനിർമിത മദ്യം എങ്ങനെ എത്തിച്ചു, ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
ആന്റോ അഗസ്റ്റിൻ സ്വാധീനമുള്ള വ്യക്തിയായതിനാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും അന്വേഷണം തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളിയത്.
