ഐചി-നഗോയ: ജീവിതത്തിലെ പ്രതിസന്ധികളെ കരുത്താക്കി മാറ്റി ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി സുചിക തരിയാൽ. വനിതകളുടെ ട്രഡീഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് 60 കിലോഗ്രാം വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചതോടെയാണ് സുചിക ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ചത്.
ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാൻചിമേഗ് ബൈഗൽമയെ 2-0ന് തോൽപ്പിച്ചാണ് സുചിക സെമിയിലെത്തിയത്. ഏഷ്യൻ ഗെയിംസിൽ ആദ്യമായാണ് മിക്സഡ് മാർഷ്യൽ ആർട്സ് മത്സര ഇനമായി ഉൾപ്പെടുത്തുന്നത്. ഇതോടെ ഈ ഇനത്തിൽ ഇന്ത്യയ്ക്കായി ആദ്യമായി ഏഷ്യാഡ് മെഡൽ ഉറപ്പിക്കുന്ന താരമെന്ന നേട്ടവും 36കാരിയായ സുചിക സ്വന്തമാക്കി.
ഹരിയാന സ്വദേശിനിയായ സുചികയുടെ കായികയാത്ര ആരംഭിച്ചത് ജൂഡോയിലൂടെയാണ്. പിന്നീട് ജു-ജുത്സുവും കുറാഷും പരിശീലിച്ചു. 2017 മുതൽ മിക്സഡ് മാർഷ്യൽ ആർട്സിലും സജീവമായി.
മാർഷ്യൽ ആർട്സിനോടുള്ള സുചികയുടെ താൽപര്യത്തിന് പിന്നിൽ ഒരു ദുരനുഭവമുണ്ട്. 12-ാം വയസിൽ പീഡനശ്രമം നേരിടേണ്ടിവന്നതിനെ തുടർന്നാണ് സ്വയംരക്ഷയ്ക്കായി ജൂഡോ പഠിക്കാൻ തീരുമാനിച്ചത്. പിന്നീട് കായികരംഗം കരിയറായി തിരഞ്ഞെടുത്തപ്പോൾ തുടർച്ചയായ യാത്രകൾ ആവശ്യമായി വന്നത് വീട്ടുകാരുടെ ആശങ്കയ്ക്കും എതിർപ്പിനും ഇടയാക്കി. നേരത്തെ നേരിട്ട ദുരനുഭവം ഇതിന് കാരണമായിരുന്നു.
എന്നാൽ പ്രതിസന്ധികളെ മറികടന്ന് സുചിക രാജ്യത്തെ പ്രധാന ജൂഡോ താരങ്ങളിലൊരാളായി മാറി. 20ലേറെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. എട്ട് തവണ ദേശീയ ജൂഡോ ചാമ്പ്യനായ താരം അന്താരാഷ്ട്ര വേദികളിലും മെഡലുകൾ നേടി.
2019ലെ കോമൺവെൽത്ത് ജൂഡോ ചാമ്പ്യൻഷിപ്പിലും അതേ വർഷത്തെ സൗത്ത് ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയതാണ് കരിയറിലെ പ്രധാന നേട്ടങ്ങളിൽ ഒന്ന്. 2018 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും സ്വന്തമാക്കി. ജു-ജിത്സുവിൽ 2024ൽ 63 കിലോഗ്രാം വിഭാഗത്തിൽ ലോകചാമ്പ്യനായതും സുചികയുടെ മറ്റൊരു വലിയ നേട്ടമാണ്.
ജൂഡോയിലും ജു-ജിത്സുവിലും ഒരുപോലെ മികവ് തെളിയിച്ച സുചികയ്ക്ക് മിക്സഡ് മാർഷ്യൽ ആർട്സിലേക്കുള്ള മാറ്റവും വെല്ലുവിളിയായില്ല. 2017ൽ എംഎംഎയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് പ്രധാന ശ്രദ്ധ ജൂഡോയിലും ജു-ജിത്സുവിലുമായിരുന്നു. പിന്നീട് എംഎംഎയിലേക്ക് തിരിച്ചെത്തി ബ്രേവ് കോംബാറ്റ് ഫെഡറേഷനുമായി കരാർ ഒപ്പുവച്ചു. ബഹ്റൈനിൽ മത്സരിച്ച് വിജയത്തോടെയായിരുന്നു തിരിച്ചുവരവ്. ആ മത്സരപരിചയത്തിന്റെ ഗുണം ഏഷ്യൻ ഗെയിംസിലും ലഭിച്ചെന്നാണ് സുചികയുടെ പ്രകടനം വ്യക്തമാക്കുന്നത്.
സിഐഎസ്എഫ് ഹെഡ് കോൺസ്റ്റബിളായിരുന്ന സുചിക ഇപ്പോൾ ഹരിയാന കായികവകുപ്പിൽ ജൂനിയർ കോച്ചായി പ്രവർത്തിക്കുകയാണ്. പോരാട്ടവേദിയിൽ നിന്ന് പരിശീലകയുടെ വേഷത്തിലേക്ക് എത്തിയ ശേഷമാണ് 36-ാം വയസിൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ചരിത്ര മെഡൽ ഉറപ്പിച്ചിരിക്കുന്നത്.
