Home Businessകടുത്ത ചൂടിൽ കരിഞ്ഞുണങ്ങി മുന്തിരിത്തോട്ടങ്ങൾ; ഫ്രാൻസിലെ വൈൻ ഉൽപ്പാദനം 70 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

കടുത്ത ചൂടിൽ കരിഞ്ഞുണങ്ങി മുന്തിരിത്തോട്ടങ്ങൾ; ഫ്രാൻസിലെ വൈൻ ഉൽപ്പാദനം 70 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

by news_desk1
0 comments

പാരീസ്: കടുത്ത ചൂടും വരൾച്ചയും ഫ്രാൻസിലെ മുന്തിരിത്തോട്ടങ്ങളെ തളർത്തുന്നു. രാജ്യത്തെ വൈൻ ഉൽപ്പാദനം 70 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. തുടർച്ചയായ മൂന്നാം വർഷമാണ് വൈൻ ഉൽപ്പാദനത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലങ്ങളിലൊന്നാണ് ഇത്തവണ ഫ്രാൻസ് കടന്നുപോയത്. ഇതോടെ ആഗോള വൈൻ വിപണിയിലെ ഫ്രാൻസിന്റെ ആധിപത്യവും സമ്മർദ്ദത്തിലായി.

സർക്കാർ ഏജൻസിയായ അഗ്രെസ്റ്റെയുടെ കണക്കുകൾ പ്രകാരം, ഈ വർഷം ഫ്രാൻസിൽ 3.4 കോടി ഹെക്ടോലിറ്റർ വൈൻ മാത്രമാണ് ഉൽപ്പാദിപ്പിക്കപ്പെടുക. 2025നെ അപേക്ഷിച്ച് ഇത് ആറ് ശതമാനവും കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരിയെ അപേക്ഷിച്ച് 17 ശതമാനവും കുറവാണ്. പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നതോടെ വിളവെടുപ്പിന് മുമ്പേ മുന്തിരികൾ ഉണങ്ങി നശിച്ചു.

ലോകത്തിലെ പ്രധാന വൈൻ കയറ്റുമതി രാജ്യങ്ങളിലൊന്നായ ഫ്രാൻസിലെ ഉൽപ്പാദനത്തകർച്ച ആഗോള വിപണിയിലെ ലഭ്യതയെയും ബാധിച്ചേക്കാം. പ്രത്യേകിച്ച് പ്രീമിയം വൈനുകളുടെ വില ഉയരാൻ ഇത് ഇടയാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

പ്രശസ്തമായ ഷാംപെയ്ൻ മേഖലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം പകുതിയോളം കുറയുമെന്നാണ് വിലയിരുത്തൽ. കിഴക്കൻ ജൂറയിൽ 37 ശതമാനവും ബർഗണ്ടി-ബ്യൂജോലെയ്സ് മേഖലയിൽ ഏകദേശം മൂന്നിലൊന്നും ഉൽപ്പാദനം ഇടിയുമെന്നാണ് കണക്കാക്കുന്നത്. ബോർഡോയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് പുക മുന്തിരിയുടെ തൊലിയിലേക്ക് കടന്ന് വൈനിന്റെ രുചിയെ ബാധിക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.

ഒന്നര പതിറ്റാണ്ട് മുമ്പ് വരെ വൈൻ ഉൽപ്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഫ്രാൻസിനെ ഇന്ന് ഇറ്റലി മറികടന്നിട്ടുണ്ട്. സ്‌പെയിനും അധികം വൈകാതെ ഫ്രാൻസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കടുത്ത ചൂടിനെ നേരിടാൻ സ്‌പെയിൻ ജലസേചന സൗകര്യങ്ങൾ വർധിപ്പിച്ചപ്പോൾ, പരമ്പരാഗത രീതികളിൽനിന്നും കർശന നിയമങ്ങളിൽനിന്നും വേഗത്തിൽ മാറാൻ കഴിയാത്തത് ഫ്രാൻസിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

ഫ്രാൻസിലെ നിയമപ്രകാരം മുന്തിരിത്തോട്ടങ്ങളിൽ കൃത്രിമ ജലസേചനത്തിനടക്കം കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ നിലവിലെ പ്രതിസന്ധിയിൽ പിടിച്ചുനിൽക്കുന്നതിനായി ബോർഡോയിലെ ഷാറ്റോ ലാഫ്‌ലർ ഉൾപ്പെടെയുള്ള പ്രമുഖ വൈൻ ഉൽപ്പാദകർ ഇത്തരം നിയന്ത്രണങ്ങളിൽ ഇളവ് നേടി തോട്ടങ്ങളിൽ ജലസേചനം നടത്താനുള്ള അനുമതി നേടിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു പ്രതിഫലനമായി വിളവെടുപ്പ് സമയവും നേരത്തെയാകുകയാണ്. 1930കൾക്ക് ശേഷം ഓരോ ദശാബ്ദത്തിലും വിളവെടുപ്പ് ശരാശരി മൂന്ന് ദിവസം വീതം നേരത്തെയാകുന്നുവെന്നാണ് കണക്ക്. മാറിവരുന്ന കാലാവസ്ഥയ്ക്കനുസരിച്ച് ഉൽപ്പാദനരീതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഫ്രഞ്ച് വൈൻ കർഷകർക്ക് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുകയാണ്.

You may also like