Home Businessഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരായ സെബി നടപടി അവസാനിപ്പിച്ചു; 1.5 കോടി രൂപ ഒത്തുതീർപ്പ് തുക

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരായ സെബി നടപടി അവസാനിപ്പിച്ചു; 1.5 കോടി രൂപ ഒത്തുതീർപ്പ് തുക

by news_desk1
0 comments

മുംബൈ: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നാലെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരെ ആരംഭിച്ച നടപടികൾ സെബി അവസാനിപ്പിച്ചു. അനുബന്ധ കക്ഷികളുമായുള്ള ഇടപാടുകളുടെ വെളിപ്പെടുത്തലും ഓഡിറ്റ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട വീഴ്ചകളും ഉൾപ്പെട്ട കേസുകളിലാണ് കമ്പനികൾ സംയുക്തമായി ഏകദേശം 1.5 കോടി രൂപ ഒത്തുതീർപ്പ് തുകയായി അടച്ചത്.

അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്, എഡബ്ല്യുഎൽ അഗ്രി ബിസിനസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് എന്നീ അഞ്ച് കമ്പനികൾക്കെതിരായ നടപടികളാണ് സെബി തീർപ്പാക്കിയത്. ലിസ്റ്റിങ് ചട്ടങ്ങൾ, കോർപ്പറേറ്റ് ഭരണനിർവഹണ മാനദണ്ഡങ്ങൾ, അനുബന്ധ കക്ഷികളുമായുള്ള ഇടപാടുകളുടെ വെളിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്.

അദാനി പോർട്സ്, അദാനി പവർ എന്നിവ ഉൾപ്പെടെ ഗ്രൂപ്പിലെ ഏഴ് കമ്പനികളിലാണ് സെബി പരിശോധന നടത്തിയത്. ഇതിൽ അഞ്ച് കമ്പനികൾക്കെതിരെ കണ്ടെത്തിയ വീഴ്ചകളുടെ അടിസ്ഥാനത്തിൽ 2024 ഫെബ്രുവരിയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

2012-13 സാമ്പത്തിക വർഷത്തിൽ അദാനി എന്റർപ്രൈസസിന്റെ ഉപകമ്പനിയായ അദാനി എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡും വകോദർ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡും തമ്മിൽ നടന്ന ഇടപാടുകൾ വാർഷിക റിപ്പോർട്ടിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെന്നതായിരുന്നു പ്രധാന ആരോപണങ്ങളിലൊന്ന്. കൂടാതെ, അദാനി എന്റർപ്രൈസസിന്റെ ചില ഓഡിറ്റ്, ലിമിറ്റഡ് റിവ്യൂ റിപ്പോർട്ടുകളിൽ ഒപ്പുവെച്ച ധർമേഷ് പരീഖ് ആൻഡ് കമ്പനി, ഷാ ദണ്ഡാരിയ ആൻഡ് കമ്പനി എന്നീ ഓഡിറ്റർ സ്ഥാപനങ്ങൾക്ക് സാധുവായ പിയർ റിവ്യൂ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്നും സെബി കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ സാധുവായ സർട്ടിഫിക്കറ്റുകളില്ലാത്ത ഓഡിറ്റർമാർ റിപ്പോർട്ടുകൾ നൽകിയെന്ന ആരോപണമാണ് മറ്റ് നാല് കമ്പനികൾക്കെതിരെയും ഉണ്ടായിരുന്നത്.

അഡ്ജുഡിക്കേഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെ, സെബിയുടെ സെറ്റിൽമെന്റ് ചട്ടങ്ങൾ പ്രകാരം കുറ്റങ്ങളോ കണ്ടെത്തലുകളോ സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികൾ അപേക്ഷ നൽകി. തുടർന്ന് സെബിയുടെ ഉന്നതാധികാര സമിതി ശുപാർശ ചെയ്ത തുകകൾ കമ്പനികൾ അടയ്ക്കുകയായിരുന്നു.

അദാനി എന്റർപ്രൈസസ് 76.05 ലക്ഷം രൂപയും അദാനി ഗ്രീൻ എനർജി 45.50 ലക്ഷം രൂപയും ഒത്തുതീർപ്പ് തുകയായി നൽകി. അദാനി ടോട്ടൽ ഗ്യാസ്, എഡബ്ല്യുഎൽ അഗ്രി ബിസിനസ്, അദാനി എനർജി സൊല്യൂഷൻസ് എന്നീ കമ്പനികൾ 9.75 ലക്ഷം രൂപ വീതവും അടച്ചു. കമ്പനികൾ തുക അടച്ചതിനെ തുടർന്ന് സെപ്റ്റംബർ 22ന് സെബി നടപടികൾ അവസാനിപ്പിച്ച് ഉത്തരവിറക്കി.

അതേസമയം, സമർപ്പിച്ച രേഖകളിൽ പിന്നീട് തെറ്റായ വിവരങ്ങളോ വസ്തുതാപരമായ വ്യത്യാസങ്ങളോ കണ്ടെത്തിയാൽ കമ്പനികൾക്കെതിരായ നടപടികൾ ഏത് സമയത്തും പുനരാരംഭിക്കാൻ സെബിക്ക് അധികാരമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

You may also like