Home Entertainmentകുഞ്ഞാറ്റയുടെ ആദ്യ സിനിമ; സന്തോഷം പങ്കുവെച്ച് മനോജ് കെ. ജയൻ

കുഞ്ഞാറ്റയുടെ ആദ്യ സിനിമ; സന്തോഷം പങ്കുവെച്ച് മനോജ് കെ. ജയൻ

by news_desk1
0 comments

മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന മകൾക്ക് ആശംസകളുമായി മനോജ് കെ. ജയൻ. ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി നായികയാകുന്ന ‘പ്രിയതമൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് മകളുടെ സിനിമാ അരങ്ങേറ്റത്തിലെ സന്തോഷം പങ്കുവെച്ച് മനോജ് കെ. ജയൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.

“ഒത്തിരി സന്തോഷമുള്ള ദിവസം. എന്റെ പ്രിയപുത്രി കുഞ്ഞാറ്റയുടെ ആദ്യ സിനിമ ഇന്ന് ഷൂട്ട് തുടങ്ങി. മോളുടെ കുറെ നാളത്തെ ആ സ്വപ്നം ഇന്ന് യാഥാർഥ്യമാകുന്നു,” എന്ന് പറഞ്ഞുകൊണ്ടാണ് മനോജ് കെ. ജയൻ കുറിപ്പ് ആരംഭിച്ചത്. ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ ശ്രീ സുനിൽകുമാർ നിർമ്മിക്കുന്ന ചിത്രത്തിന് റെജി പ്രഭാകരനാണ് സംവിധാനം. ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന് ശേഷം റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയാണ് നായകൻ.

‘പ്രിയതമൻ’ വലിയ വിജയമാകട്ടെയെന്ന് പ്രാർഥിക്കുന്നതായും മകൾക്കും ചിത്രത്തിനും പ്രേക്ഷകരുടെ അനുഗ്രഹവും പ്രാർഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നതായും മനോജ് കെ. ജയൻ കുറിപ്പിൽ പറഞ്ഞു.

പ്രണയവും തമാശയും നിറഞ്ഞ ഒരു കുടുംബചിത്രമായാണ് ‘പ്രിയതമൻ’ ഒരുങ്ങുന്നത്. ഏറെ ആത്മബന്ധമുള്ള ഒരമ്മയുടെയും മകന്റെയും ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മ മുഹൂർത്തങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ പ്രിയ എന്ന കഥാപാത്രത്തെയാണ് തേജാലക്ഷ്മി അവതരിപ്പിക്കുന്നത്. വിശ്വാസ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസിയും എത്തുന്നു. ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ശാന്തി കൃഷ്ണ, ഇർഷാദ് അലി, മീരാ നായർ, പി.പി. കുഞ്ഞിക്കൃഷ്ണൻ, ദിനേശ് പണിക്കർ, മഞ്ജു പത്രോസ്, കുടശ്ശനാട് കനകം, സൂര്യാദാസ്, രാമമംഗലപ്പള്ളി, അഭിലാഷ്, ഖൈഫ്, സുബിൻ ടാർസൻ, സിനു സൈനുദ്ദീൻ, ജോസ് പേരൂർക്കട തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

You may also like