തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിൽ തിരുവനന്തപുരം നഗരസഭ കൗൺസിലർ സുഗതന്റെ സഹോദരൻ പൊലീസ് പിടിയിൽ. സന്ദീപിനെയാണ് വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രിയാണ് ബിജെപി പ്രവർത്തകന്റെ വീട്ടിൽ അതിക്രമം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ മണ്ണന്തല രഞ്ജിത്ത് വധക്കേസിലെ സാക്ഷിയുടെ വീട്ടിലാണ് സന്ദീപ് അതിക്രമിച്ച് കയറിയതെന്നാണ് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പൊലീസ് നടപടി.
മദ്യലഹരിയിലായിരുന്ന സന്ദീപ് മുൻപരിചയമുള്ളയാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചു.
