Home Internationalഇറാനും സഖ്യരാജ്യങ്ങൾക്കും രൂക്ഷവിമർശനം, യു.എൻ ഹാളിൽ നിന്ന് വോക്കൗട്ട്; പൊതുസഭയിൽ ആഞ്ഞടിച്ച് ബെഞ്ചമിൻ നെതന്യാഹു

ഇറാനും സഖ്യരാജ്യങ്ങൾക്കും രൂക്ഷവിമർശനം, യു.എൻ ഹാളിൽ നിന്ന് വോക്കൗട്ട്; പൊതുസഭയിൽ ആഞ്ഞടിച്ച് ബെഞ്ചമിൻ നെതന്യാഹു

by news_desk
0 comments

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ വിമർശകർക്കും സഖ്യകക്ഷികൾക്കുമെതിരെ രൂക്ഷമായ ആക്രമണമഴിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി, ഇറാന്റെ ഭരണനേതൃത്വം എന്നിവർക്ക് പുറമെ സ്വന്തം സഖ്യരാജ്യങ്ങളായ ബ്രിട്ടനെയും ഫ്രാൻസിനെയും വരെ നെതന്യാഹു കടുത്ത ഭാഷയിൽ കടന്നാക്രമിച്ചു. നെതന്യാഹു പ്രസംഗം ആരംഭിച്ചതോടെ ലോകരാജ്യങ്ങളുടെ പ്രതിനിധികൾ പ്രതിഷേധസൂചകമായി ഹാളിൽ നിന്ന് ഇറങ്ങിപ്പോയി.

ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിയ സൈനിക നീക്കത്തെക്കുറിച്ച് നെതന്യാഹു പൊതുസഭയിൽ വിശദീകരിച്ചു. ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കുക എന്ന പ്രയാസകരമായ തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ എല്ലാവരും കൊല്ലപ്പെടുമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേൽ ഇപ്പോൾ ഗാസ, വെസ്റ്റ് ബാങ്ക്, സിറിയ, ലെബനൻ, ഇറാൻ, യെമനിലെ ഹൂതികൾ, ഇറാഖിലെ സായുധ സംഘങ്ങൾ എന്നീ ഏഴ് മുന്നണികളിലാണ് പോരാടുന്നതെന്നും ഈ യുദ്ധത്തിൽ തങ്ങൾ വിജയിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൊളോണിയലിസം ആരോപിച്ച് കുറ്റപ്പെടുത്തുന്ന ബ്രിട്ടനെയും ഫ്രാൻസിനെയും പരിഹസിച്ച നെതന്യാഹു, ആ പദം തന്നെ കണ്ടുപിടിച്ചത് അവരാണെന്ന് തിരിച്ചടിച്ചു.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘മികച്ച പങ്കാളി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇസ്രയേലും അമേരിക്കയും ഒന്നിച്ച് നിന്ന് പോരാടിയെന്ന് വ്യക്തമാക്കി. തനിക്കെതിരെ രംഗത്തുവന്ന ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി ജൂതവിരുദ്ധനാണെന്ന് ആരോപിച്ച നെതന്യാഹു, തന്നെയോ ഇസ്രയേലിനെയോ നിശബ്ദനാക്കാൻ ആർക്കും കഴിയില്ലെന്നും കൂട്ടിച്ചേർത്തു. സൗദി അറേബ്യ, ഇറാൻ, മലേഷ്യ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ പ്രസംഗത്തിനിടെ ഇറങ്ങിപ്പോവുകയും കൂവുകയും ചെയ്തു. ബഹളം നിയന്ത്രിക്കാൻ യു.എൻ അധ്യക്ഷൻ ഇടപെട്ടപ്പോൾ, “ഹാളിൽ ധാർമിക ഭീരുക്കൾ ആരങ്കിലും ബാക്കിയുണ്ടെങ്കിൽ അവരും പുറത്തുപോകൂ” എന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി.

You may also like