ന്യൂഡൽഹി: ഒ.ബി.സി (OBC) ക്രീമിലെയർ മാനദണ്ഡവുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ ഉത്തരവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്നതിൽ ഇളവ് തേടിയുള്ള കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. മാതാപിതാക്കളുടെ ശമ്പള വരുമാനം മാത്രം അടിസ്ഥാനമാക്കി ക്രീമിലെയർ പദവി നിർണയിക്കരുതെന്ന കഴിഞ്ഞ മാർച്ച് 11-ലെ വിധി 2012 മുതൽ നടപ്പാക്കുന്നത് കടുത്ത ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
മാതാപിതാക്കളുടെ ശമ്പള വരുമാനത്തിന് പുറമെ അവരുടെ സാമൂഹിക പദവിയും അവസ്ഥയും പരിഗണിക്കണമെന്നും 1993-ലെ കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കണമെന്നുമാണ് മാർച്ച് 11-ന് സുപ്രീംകോടതി നിർദേശിച്ചത്. എന്നാൽ ഇതിന് 2012 മുതൽ മുൻകാല പ്രാബല്യം നൽകിയതാണ് ഇപ്പോൾ നിയമപോരാട്ടത്തിന് വഴിവെച്ചത്. വിധി അതേപടി നടപ്പാക്കിയാൽ കഴിഞ്ഞ 12 വർഷത്തിനിടെ നടന്ന ആയിരക്കണക്കിന് കേന്ദ്ര-സംസ്ഥാന നിയമനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളും പുനഃപരിശോധിക്കേണ്ടി വരുമെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഒ.ബി.സി-എൻ.സി.എൽ (OBC-NCL) സർട്ടിഫിക്കറ്റുകൾ, സർവീസ് സീനിയോറിറ്റി, കേഡർ അനുവദിക്കൽ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിൽ വലിയ തോതിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. അതിനാൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ രണ്ടു വർഷത്തെ സാവകാശം അനുവദിക്കണമെന്നും വിധി ഇനി വരുന്ന നിയമനങ്ങൾക്കും പ്രവേശനങ്ങൾക്കും മാത്രം ബാധകമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഒപ്പം, ഏതൊക്കെ തസ്തികകളാണ് ക്രീമിലെയർ പരിധിയിൽ വരികയെന്ന് വ്യക്തമാക്കുന്ന പട്ടിക തയാറാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ പി. എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
