Home Keralaബലാത്സംഗ ആരോപണത്തിൽ സസ്‌പെൻഡ് ചെയ്ത ഡിവൈഎസ്പി എ. ഉമേഷിനെ തിരിച്ചെടുത്തു

ബലാത്സംഗ ആരോപണത്തിൽ സസ്‌പെൻഡ് ചെയ്ത ഡിവൈഎസ്പി എ. ഉമേഷിനെ തിരിച്ചെടുത്തു

by news_desk1
0 comments

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ഡിവൈഎസ്പി എ. ഉമേഷിനെ തിരിച്ചെടുത്തു. വടകര ഡിവൈഎസ്പിയായിരിക്കെയായിരുന്നു ഉമേഷിനെതിരെ നടപടി സ്വീകരിച്ചത്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെടുത്തതെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ തിരിച്ചെടുക്കൽ ഉത്തരവിൽ വകുപ്പുതല അന്വേഷണത്തെ തുടർന്നുള്ള മറ്റ് നടപടികളെക്കുറിച്ച് വിശദീകരണമില്ല.

കേരള പൊലീസിന്റെ ചരിത്രത്തിൽ തന്നെ വലിയ വിവാദമായ ആരോപണങ്ങളിലൊന്നായിരുന്നു എ. ഉമേഷിനെതിരെ ഉയർന്നത്. അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ പിടികൂടിയ യുവതിയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഉമേഷ് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. നാല് യുവാക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഉമേഷിനെതിരെ ഉയർന്നിരുന്നു.

ഔദ്യോഗിക ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത ചെർപ്പുളശേരി എസ്.എച്ച്.ഒ. ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് ഉമേഷിനെതിരായ ആരോപണങ്ങൾ ആദ്യം ഉയർന്നത്. ഉമേഷ് വടക്കാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന കാലത്ത് ബിനു തോമസ് അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്തിരുന്നു.

ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ആരോപണങ്ങൾ ശരിവെച്ച് യുവതി പാലക്കാട് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ പൊലീസ് മേധാവി ഡി.ജി.പിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് ഡി.ജി.പി വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരവകുപ്പിനോട് ശുപാർശ ചെയ്യുകയായിരുന്നു.

You may also like