തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടം ഇനി ഓരോ വാർഡിലേക്കും. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ ഇന്ന് മലപ്പുറം വേങ്ങരയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ വാർഡ് തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്ത് ഇതുവരെ 11,677 കേസുകൾ രജിസ്റ്റർ ചെയ്യുകയും 12,584 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വാർഡുകളിലും പ്രത്യേക ‘തൂഫാൻ സമിതികൾ’ രൂപീകരിക്കും. ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയും ജനപങ്കാളിത്തത്തോടെ വാർഡ് തലത്തിൽ പ്രതിരോധം തീർക്കുകയുമാണ് ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ, കെ.എം. ഷാജി, പി.കെ. ബഷീർ എന്നിവരും എ.ഡി.ജി.പി. പി. വിജയനും പങ്കെടുക്കും.
