Home Nationalഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തം; ദില്ലിയിലും വിവിധ നഗരങ്ങളിലും സംഘർഷം

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തം; ദില്ലിയിലും വിവിധ നഗരങ്ങളിലും സംഘർഷം

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി. ദില്ലി, ലഖ്നൗ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. പലയിടത്തും പൊലീസ് ഇടപെടുകയും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെയും വോട്ടർ പട്ടിക പരിഷ്‌കരണമായ പ്രത്യേക തീവ്ര പരിഷ്‌കരണത്തെയും ചൊല്ലിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം.

ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ഗ്യാനേഷ് കുമാറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖമൂടികൾ ധരിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തത്. ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള റോഡുകളിൽ സുരക്ഷ ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

സാധാരണക്കാരുടെ വോട്ടവകാശം സംരക്ഷിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും ഉദയ് ഭാനു ചിബ് ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കുമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിലപാട്.

ലഖ്നൗവിലും ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡുകൾ തടഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടാകുകയും നേതാക്കളടക്കം നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ജയ്‌പൂരിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നു. ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജസ്ഥാനിലും പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചത്.

അതേസമയം, ദില്ലിയിൽ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിൽ നിന്ന് ഭഗത് സിങ് സ്മാരകത്തിലേക്കും ഇടത് നേതാക്കൾ പ്രതിഷേധ മാർച്ച് നടത്തി. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഗ്യാനേഷ് കുമാറിന് പദവിയിൽ തുടരാൻ ഇനി അവകാശമില്ലെന്ന് ബേബി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണെന്നും എസ്.ഐ.ആർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ പ്രമുഖ വ്യക്തികളെയും ബുദ്ധിജീവികളെയും പൊതുജനങ്ങളെയും അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്നും ബേബി പറഞ്ഞു. വരും ദിവസങ്ങളിൽ ഇൻഡ്യ മുന്നണി യോഗത്തിലും വിഷയം ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാനും മറ്റ് ഇടത് പാർട്ടികളുമായി ചേർന്ന് കൂട്ടായ സമരപരിപാടികൾ സംഘടിപ്പിക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ടെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്.

You may also like