കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവം. സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന് ചെയർമാൻ സ്ഥാനം നൽകാനാണ് ആലോചനയെന്നാണ് വിവരം. യുവനേതാവും അഭിഭാഷകനുമായ ഓണമ്പള്ളി മുഹമ്മദ് ഫൈസിക്കാണ് ചെയർമാൻ സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കുന്നത്. മുശാവറ അംഗം ബഹാവുദ്ദീൻ നദ്വിയെ ലീഗ് സമീപിച്ചിരുന്നെങ്കിലും അദ്ദേഹം സമ്മതം അറിയിച്ചിട്ടില്ലെന്നാണ് വിവരം. രാഷ്ട്രീയ പരിഗണനയിൽ മായിൻ ഹാജിയും ചെയർമാൻ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന.
ബോർഡ് അംഗമായ ഉമർ ഫൈസി മുക്കത്തിന് പകരം നാസർ ഫൈസി കൂടത്തായിയെ പരിഗണിച്ചേക്കുമെന്നും വിവരമുണ്ട്. സമസ്തയ്ക്കുള്ളിലെ വഖഫ് വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് സൂചന.
വഖഫ് ബോർഡ് പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ മുസ്‌ലിം ലീഗ് സജീവമാക്കിയിട്ടുണ്ട്. കോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും പുനഃസംഘടനയുമായി ബന്ധപ്പെട്ട തുടർനടപടികളെന്നാണ് വിവരം. കെ.എസ്. ഹംസ അധ്യക്ഷനായ നിലവിലെ ബോർഡിന്റെ ഘടന സംബന്ധിച്ച് സർക്കാർ നേരത്തെ പുനഃസംഘടന ആവശ്യമാണെന്ന് കോടതിയിൽ നിലപാടറിയിച്ചിരുന്നു.
ഉമർ ഫൈസി മുക്കത്തിന്റെ ഇടത് ആഭിമുഖ്യവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നേരത്തെ ലീഗിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. സി.പി.എം വേദിയിലെ അദ്ദേഹത്തിന്റെ പ്രസംഗവും ലീഗിനെതിരായ വിമർശനങ്ങളും വിവാദമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിലും ഉമർ ഫൈസി മുക്കത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ബോർഡിൽനിന്ന് ഒഴിവാക്കി പകരം നാസർ ഫൈസി കൂടത്തായിയെ പരിഗണിക്കാനുള്ള നീക്കമെന്ന വിവരങ്ങൾ പുറത്തുവരുന്നത്.
ബോർഡ് പുനഃസംഘടിപ്പിക്കുമ്പോൾ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്തിമ തീരുമാനത്തിന് കോടതി നടപടികൾ നിർണായകമാകും. പുതിയ നിയമ വ്യവസ്ഥകൾ അനുസരിച്ചുള്ള ബോർഡ് ഘടന സംബന്ധിച്ച് സർക്കാർ നിലപാട് കോടതിയിൽ അറിയിച്ചിട്ടുമുണ്ട്.
അതേസമയം, വഖഫ് ബോർഡ് പിരിച്ചുവിടാനുള്ള നീക്കത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് കെ.എസ്. ഹംസ നേരത്തെ പ്രതികരിച്ചത്. ബോർഡ് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ അദ്ദേഹം കോടതിയെ സമീപിച്ചിട്ടുമുണ്ട്.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വഖഫ് ബോർഡ് പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. നിലവിലെ ബോർഡിന് അഞ്ച് വർഷത്തെ കാലാവധിയുണ്ടായിരുന്ന സാഹചര്യത്തിൽ പുനഃസംഘടന നിയമപരമായി എങ്ങനെ നടപ്പാക്കാമെന്നതായിരുന്നു പ്രധാന ചോദ്യം. വഖഫ് ബോർഡിന്റെ ഘടനയും അംഗങ്ങളുടെ യോഗ്യതയും സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് പുനഃസംഘടനയ്ക്ക് സർക്കാർ നടപടിയെടുക്കാമെന്ന സാഹചര്യം രൂപപ്പെട്ടത്.
