ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുള്ള മഴക്കെടുതി തുടരുന്നു. ഇതുവരെ 62 പേർ മരിക്കുകയും 46ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ അറിയിച്ചു. ആയിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പല മേഖലകളിലും സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി തുടരുകയാണ്.
സംസ്ഥാനത്ത് ലഭിക്കേണ്ട സാധാരണ മഴയെക്കാൾ പത്തിരട്ടി അധികം മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകെ 75 ജില്ലകളിൽ 56 ജില്ലകളിലും അതിതീവ്ര മഴ രേഖപ്പെടുത്തി.
തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയാണ് വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായത്. നിരവധി പ്രദേശങ്ങളിൽ ജനജീവിതം തടസപ്പെട്ടു.
കനത്ത മഴയെ തുടർന്ന് ഒഡീഷയിൽ മാത്രം 75,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മഴക്കെടുതി രൂക്ഷമായ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും തുടരുകയാണ്.
