Home Top Storiesതദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; എൽഡിഎഫിന് 18, യുഡിഎഫിന് 19 സീറ്റുകൾ

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; എൽഡിഎഫിന് 18, യുഡിഎഫിന് 19 സീറ്റുകൾ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 19 സീറ്റും എൽ.ഡി.എഫിന് 18 സീറ്റും. ട്വന്റി 20 ഒരു സീറ്റിലും വിജയിച്ചു. ബി.ജെ.പിക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല. നേരത്തെയുണ്ടായിരുന്ന സീറ്റുനിലയിൽ നിന്ന് യു.ഡി.എഫിന് മൂന്ന് സീറ്റുകൾ കുറഞ്ഞപ്പോൾ എൽ.ഡി.എഫിന് മൂന്ന് സീറ്റുകൾ അധികമായി ലഭിച്ചു.

മുന്നണികൾ തമ്മിലുള്ള സീറ്റുമാറ്റവും ശ്രദ്ധേയമായി. യു.ഡി.എഫിന്റെ ഏഴ് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ എൽ.ഡി.എഫിന്റെ നാല് സീറ്റുകൾ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഇതോടെ നേരത്തെ യു.ഡി.എഫിനുണ്ടായിരുന്ന 22 സീറ്റുകൾ 19 ആയും എൽ.ഡി.എഫിന്റെ 15 സീറ്റുകൾ 18 ആയും മാറി.

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പായിരുന്നു ഇത്. 2026 സെപ്റ്റംബർ 28ന് നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ ആരംഭിച്ചു. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലായി 38 വാർഡുകളിലായിരുന്നു മത്സരം. 126 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

പാലക്കാട് ചിറ്റൂരിൽ സുമേഷ് അച്യുതൻ രാജിവെച്ച ഒഴിവിലേക്കുള്ള സീറ്റിൽ എൽ.ഡി.എഫ് നറുക്കെടുപ്പിലൂടെയാണ് വിജയിച്ചത്. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് സീറ്റും എൽ.ഡി.എഫ് പിടിച്ചെടുത്തു.

കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി ഫർസീന അറയ്ക്കൽ 436 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. നേരത്തെയുണ്ടായിരുന്ന 2,273 വോട്ടിന്റെ ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു.

ചിറയിൻകീഴ് വാർഡിൽ യു.ഡി.എഫിന്റെ സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തു. തൃക്കൊടിത്താനം വാർഡിലും എൽ.ഡി.എഫ് വിജയം നേടി. അടൂർ ഉൾപ്പെടെയുള്ള ചില വാർഡുകളിലും യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ടായി.

12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെ ഓരോ വാർഡുകളും മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകളിലെ ഓരോ വാർഡുകളും മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകളും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും 23 ഗ്രാമപഞ്ചായത്ത് വാർഡുകളും ഉൾപ്പെടെയായിരുന്നു മത്സരം. ഉപതെരഞ്ഞെടുപ്പിൽ 58.82 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

You may also like