Home Kerala‘ഇടതുപക്ഷം തിരിച്ചുവരവ് നടത്തി’; ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ അവകാശവാദവുമായി എം.വി. ഗോവിന്ദൻ

‘ഇടതുപക്ഷം തിരിച്ചുവരവ് നടത്തി’; ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ അവകാശവാദവുമായി എം.വി. ഗോവിന്ദൻ

by news_desk1
0 comments

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പ്രകടമായ തിരിച്ചുവരവ് നടത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് ഭൂരിപക്ഷം ഉയർത്തിയെന്നും യുഡിഎഫ് വിജയിച്ച ഇടങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി യുഡിഎഫിന് കൂട്ടുകെട്ടുണ്ടായെന്ന ആരോപണവും എം.വി. ഗോവിന്ദൻ ഉന്നയിച്ചു.

ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ 18 സീറ്റുകൾ നേടിയപ്പോൾ യുഡിഎഫിന്റെ സീറ്റ് നില 22ൽ നിന്ന് 19 ആയി കുറഞ്ഞതായി എം.വി. ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് വിജയിച്ച പല ഇടങ്ങളിലും ഭൂരിപക്ഷം കുറഞ്ഞു. കല്ലറയിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ട് നേടിയ ബിജെപിക്ക് ഇത്തവണ 5,000ത്തിലധികം വോട്ടുകൾ മാത്രമാണ് ലഭിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. ബിജെപി വോട്ട് പരസ്യമായി യുഡിഎഫിന് ലഭിച്ച സാഹചര്യമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ഏഴ് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിൽ അഞ്ചെണ്ണം എൽഡിഎഫും രണ്ടെണ്ണം യുഡിഎഫും നേടിയതായും അദ്ദേഹം വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഇടതുപക്ഷം പ്രകടമായ രീതിയിൽ തിരിച്ചുവരവ് നടത്തിയെന്നാണ് എം.വി. ഗോവിന്ദന്റെ വിലയിരുത്തൽ. ഇടതുപക്ഷത്തെ ഇല്ലാതാക്കാമെന്ന് കരുതിയവർക്കുള്ള മറുപടിയാണ് എൽഡിഎഫിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

ജനവിരുദ്ധ നയങ്ങളുമായാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കാത്ത ‘സ്‌പോൺസേർഡ്’ മുഖ്യമന്ത്രിയും സർക്കാരും വലിയ അവമതിപ്പ് ഉണ്ടാക്കിയെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. പല കാര്യങ്ങളും ജനങ്ങളോട് പറയേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഇപ്പോഴത്തെ സാഹചര്യം വല്ലാത്തതാണെന്നും അദ്ദേഹം വിമർശിച്ചു.

സർക്കാരിന് ലാഭമുണ്ടാകുന്നതിനാലാണ് ‘സ്‌പോൺസേർഡ്’ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും ഇത്തരത്തിൽ പറയുന്ന ഒരു മുഖ്യമന്ത്രി മുമ്പുണ്ടായിട്ടില്ലെന്നും ഗോവിന്ദൻ ആരോപിച്ചു. യുഡിഎഫിന്റെ ഇന്നത്തെ മുഖം എല്ലാവരും കരുതിയതിൽനിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇഡിയെതിരായ നിലപാടിൽ രാഹുൽ ഗാന്ധി അവസരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. കെ.സി. വേണുഗോപാലിനെതിരായ സൈബർ അധിക്ഷേപ കേസിലും അദ്ദേഹം പ്രതികരിച്ചു. കേസിലെ പ്രതികൾ കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ, കോൺഗ്രസിനുള്ളിൽ ക്രിമിനലുകൾ ഉണ്ടെന്ന് വീണ്ടും വ്യക്തമായെന്നും കടുത്ത ഭാഷയിൽ വിമർശിച്ചു.

You may also like