മോസ്കോ: പരിശീലനപ്പറക്കലിനിടെ റഷ്യൻ വ്യോമസേനയുടെ ആണവായുധശേഷിയുള്ള തന്ത്രപ്രധാന ബോംബർ വിമാനം തകർന്നുവീണ് ആറ് സൈനികർ കൊല്ലപ്പെട്ടു. റഷ്യയുടെ കിഴക്കൻ മേഖലയിലെ അമൂർ പ്രദേശത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് പിന്നാലെ എൻജിൻ തകരാറിനെ തുടർന്നാണ് വിമാനം തകർന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
പരിശീലന ദൗത്യത്തിന്റെ ഭാഗമായി പറന്നുയർന്ന ടിയു-95 ബോംബർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ ഉണ്ടായിരുന്നില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. പരിക്കേറ്റ സൈനികനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശീതയുദ്ധകാലം മുതൽ റഷ്യൻ വ്യോമസേനയുടെ പ്രധാന ശക്തിയായി തുടരുന്ന തന്ത്രപ്രധാന ബോംബർ വിമാനമാണ് ടിയു-95. നാല് ടർബോപ്രോപ്പ് എൻജിനുകളുള്ള ഈ ആണവായുധശേഷിയുള്ള വിമാനം റഷ്യൻ സൈന്യം യുക്രെയ്നെതിരെ സാധാരണ ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കുന്നതിനും വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.
യുക്രെയ്നിലെ റഷ്യൻ അധിനിവേശവും പോരാട്ടവും രൂക്ഷമായി തുടരുന്നതിനിടെയാണ് റഷ്യയുടെ സ്വന്തം അതിർത്തിക്കുള്ളിൽ പ്രധാനപ്പെട്ട ബോംബർ വിമാനം അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ സാങ്കേതിക കാരണം കണ്ടെത്തുന്നതിനായി വിദഗ്ധരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2025 ജൂണിൽ യുക്രെയ്ൻ നടത്തിയ ‘സ്പൈഡർവെബ്’ ഓപ്പറേഷനിൽ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യൻ വ്യോമസേനയുടെ നിരവധി ടിയു-95 വിമാനങ്ങൾ തകർക്കുകയും തകരാറിലാക്കുകയും ചെയ്തിരുന്നു.
