കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പുനഃസംഘടന രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബോർഡിലെ പ്രാതിനിധ്യം നിർണയിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കി.
ഷിയാ, ബോറ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ രേഖകൾ വഖഫ് ബോർഡിൽ നിന്ന് സർക്കാർ ശേഖരിച്ച് പരിശോധിച്ചുവരികയാണ്.
വഖഫ് ബോർഡിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് നിലവിലുള്ള ഒഴിവുകൾ നികത്തണമെന്ന് ഹൈക്കോടതി നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
നടപടിക്രമങ്ങൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി സർക്കാരിന് ഹൈക്കോടതി നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. നാലാഴ്ചയ്ക്ക് ശേഷമാകും ഹർജി വീണ്ടും ഡിവിഷൻ ബെഞ്ച് പരിഗണിക്കുക.
സംസ്ഥാന വഖഫ് ബോർഡിൽ അമുസ്‌ലിംകൾ ഉൾപ്പെടെയുള്ളവർക്ക് പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിലാണ് സംസ്ഥാന സർക്കാർ ഇന്ന് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.
