കൊഴിഞ്ഞാമ്പാറ (പാലക്കാട്): സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ സമ്മതിച്ചതായി പൊലീസ്. ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് തോന്നിയതാണ് കൊലയ്ക്ക് കാരണമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഡിവൈഎസ്പി ശശിധരൻ പറഞ്ഞു.
കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം ഇളയ കുട്ടിയെയും വെള്ളത്തിൽ മുക്കിക്കൊന്നുവെന്നാണ് പൊലീസ് കരുതുന്നത്. കൊലയ്ക്ക് മുൻപുണ്ടായ സംഭവങ്ങൾ പരിശോധിച്ചതിലും കൊലപാതകം നടന്നതായി വ്യക്തമായെന്ന് പൊലീസ് അറിയിച്ചു.
ജോൺ കുമാർ–നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ട് വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോൺ കുമാറും കുടുംബവും.
കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികൾ വീണുകിടക്കുന്നത് കണ്ട ഉടൻ നാട്ടുകാർ അത്താണിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
ജെന്നിഫർ മേനോൻപാറ യു.പി. സ്കൂളിലെ എൽകെജി വിദ്യാർഥിനിയായിരുന്നു.
