Home Top Stories‘ആർഎസ്എസ് ഗോ ബാക്ക്’; വന്ദേമാതരം സെമിനാറിനിടെ കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം

‘ആർഎസ്എസ് ഗോ ബാക്ക്’; വന്ദേമാതരം സെമിനാറിനിടെ കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം

by news_desk1
0 comments

കാസർകോട്: വന്ദേമാതരം സെമിനാറിനിടെ കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം. അധ്യാപകൻ ശ്രീകുമാർ സെമിനാർ പ്രസന്റേഷൻ നടത്തുന്നതിനിടെ വിദ്യാർത്ഥികൾ ഹാളിലേക്ക് കടന്നെത്തി പ്രതിഷേധിക്കുകയായിരുന്നു. ‘ആർഎസ്എസ് ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ ഉയർത്തിയ വിദ്യാർത്ഥികൾ കൂക്കി വിളിക്കുകയും ഷൂ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതോടെ സെമിനാർ പ്രസന്റേഷൻ നിർത്തിവെച്ചു.

വിദ്യാർത്ഥികൾ ‘ആസാദി’ മുദ്രാവാക്യങ്ങളും മുഴക്കി. ഇതിനിടെ സെമിനാറിന് പിന്തുണയുമായി എബിവിപി രംഗത്തെത്തി. ‘വന്ദേമാതരം’ മുദ്രാവാക്യം മുഴക്കിയാണ് എബിവിപി പിന്തുണ അറിയിച്ചത്.

ഇന്നത്തെ സെമിനാറിൽ ഗവർണർ രാജേന്ദ്ര ആർലേക്കറായിരുന്നു മുഖ്യാതിഥി. ഇന്നലെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കെതിരെ ഗവർണർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രതിഷേധങ്ങൾക്ക് പിന്നിൽ ചില അജണ്ടകളുണ്ടെന്നും സ്വാഭാവികമായി ഉണ്ടായ ഒറ്റപ്പെട്ട പ്രതിഷേധമല്ല അതെന്നും ഗവർണർ ആരോപിച്ചു.

വന്ദേമാതരത്തിനെതിരായ നീക്കമാണ് നടന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. സർവകലാശാലയിലുണ്ടായ പ്രതിഷേധം രാജ്യത്താകെ ചർച്ചയായെന്നും ഇത് രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തെ എതിർക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും കൊളോണിയൽ നിയമങ്ങളെ തകർക്കുന്നതിൽ പോലും വന്ദേമാതരത്തിന് പങ്കുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ഗവർണറുടെ പ്രതികരണത്തിനെതിരെ എസ്എഫ്ഐ, എൻഎസ്‌യുഐ സംഘടനകളും രംഗത്തെത്തി. പ്രതിഷേധിച്ച വിദ്യാർത്ഥികളെ രാജ്യദ്രോഹികളാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംഘടനകൾ വിമർശിച്ചു. സെമിനാറിൽ ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെയാണ് തങ്ങൾ എതിർത്തതെന്നും പ്രതിഷേധത്തെ വന്ദേമാതരത്തിനെതിരായ നീക്കമായി ചിത്രീകരിക്കരുതെന്നും അവർ വ്യക്തമാക്കി.

‘രാജ്യദ്രോഹികളായി കേസെടുക്കട്ടെ, ജയിലിലടക്കട്ടെ’ എന്ന നിലപാടും വിദ്യാർത്ഥി സംഘടനകൾ മുന്നോട്ടുവച്ചു. സർവകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം തുടരുമെന്നും സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സെമിനാർ പ്രസന്റേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി അധ്യാപകൻ ശ്രീകുമാർ സംസാരിക്കവെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കേന്ദ്ര സർവകലാശാലയിൽ രണ്ട് ദിവസമായി വന്ദേമാതരം സെമിനാർ നടക്കുകയാണ്. ഇന്നലെ നടന്ന സെമിനാറിൽ ആർഎസ്എസ് സൈദ്ധാന്തികൻ ജെ. നന്ദകുമാറിനെ പങ്കെടുപ്പിച്ചതിനെതിരെയായിരുന്നു വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. എസ്എഫ്ഐ, എംഎസ്എഫ്, കെഎസ്‌യു, എഐഎസ്എഫ് ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധിച്ചത്.

എബിവിപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾക്കായി മാത്രമായി നടത്തുന്ന സെമിനാറാണ് ഇതെന്നും സർവകലാശാലയെ പൂർണമായും കാവിവത്കരിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

You may also like