Home Keralaവടകര ലഹരിക്കേസ്: ആദ്യം കീർത്തനയെ കുരുക്കി അനസ്

വടകര ലഹരിക്കേസ്: ആദ്യം കീർത്തനയെ കുരുക്കി അനസ്

by news_desk1
0 comments

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ലഹരിസംഘവുമായി ബന്ധിപ്പിച്ചത് കഴിഞ്ഞ ദിവസം പിടിയിലായ അനസാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കീർത്തനയെയാണ് അനസ് ആദ്യം വലയിലാക്കിയതെന്നാണ് വിവരം. അനസിന്റെ വീടിന് സമീപം കീർത്തന വാടകയ്ക്ക് താമസിച്ചിരുന്ന സമയത്താണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയത്തിലൂടെയാണ് കീർത്തന ലഹരിമരുന്ന്, സാമ്പത്തിക ഇടപാടുകളിലേക്ക് എത്തിയതെന്നാണ് സൂചന. പിന്നീട് മറ്റ് അധ്യാപികമാരെയും ഇയാൾ ലഹരിവലയിലെത്തിച്ചെന്നാണ് നിഗമനം. അനസിന് ലൈംഗിക ചൂഷണ സംഘവുമായും ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

നിരവധി പെൺകുട്ടികളെ അനസ് ലഹരിക്ക് അടിമകളാക്കിയിട്ടുണ്ടാകാമെന്നും പൊലീസിന് സംശയമുണ്ട്. പരിചയപ്പെടുന്ന പെൺകുട്ടികൾക്ക് ആദ്യം രാസലഹരി നൽകുകയും പിന്നീട് ഭീഷണിപ്പെടുത്തി ലഹരിസംഘത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നാണ് അന്വേഷണത്തിലെ നിഗമനം. തുടർന്ന് ഇവരെ ലഹരിമരുന്ന് കടത്താനുള്ള കാരിയർമാരായി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.

നിലവിൽ കൊയിലാണ്ടി സബ് ജയിലിൽ കഴിയുന്ന അനസിനെ കേസിൽ ആറാം പ്രതിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജയിലിലെത്തിയാണ് അന്വേഷണസംഘം ഇയാളെ പ്രതി ചേർത്തത്. ലഹരിമരുന്ന് ഇടപാടുകളിൽ അനസിന് നിർണായക പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

കേസിൽ അഞ്ച് പ്രതികൾക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്. ബി.ആർ.സി. അധ്യാപികമാരായ കീർത്തന, നീഷ്മ, കാവ്യ എന്നിവർക്കും അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം, കേസിലെ മുഖ്യപ്രതിയായ വയനാട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.

You may also like