Home Top Storiesഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് രാഹുൽ ഗാന്ധി

ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് രാഹുൽ ഗാന്ധി

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം നൽകി പ്രതിപക്ഷ എംപിമാർ. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെ ഇൻഡ്യ സഖ്യത്തിലെ പത്ത് നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനാധിപത്യത്തെ തകർക്കുകയാണെന്നും ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് മടങ്ങണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു.

തെളിവുകളുണ്ടോയെന്ന് രാഷ്ട്രപതി ചോദിച്ചതായും ആവശ്യപ്പെട്ടാൽ തെളിവുകൾ നൽകാമെന്ന് അറിയിച്ചതായും രാഹുൽ വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ രാഷ്ട്രപതി ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിക്കും ഖാർഗെയ്ക്കും പുറമേ മമത ബാനർജി, രാജീവ് റായ്, സുപ്രിയ സുലെ, മനോജ് ഝാ, എം.എ. ബേബി, ഡി. രാജ, ഒമർ അബ്ദുള്ള, തോൽ തിരുമാവളവൻ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേർന്ന യോഗത്തിനുശേഷം എംപിമാർ സംഘം ചേർന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. എന്നാൽ പാർലമെന്റ് കവാടത്തിനു മുന്നിൽ പൊലീസ് ബാരിക്കേഡ് തീർത്ത് മാർച്ച് തടഞ്ഞു. അനുമതി നിഷേധിച്ചതോടെ എംപിമാർ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും ഉയർത്തി. ഇതിനിടെയാണ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾക്ക് രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിക്കാനായത്.

അതേസമയം, ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാത്രി ഒൻപതു മുതൽ ഒക്ടോബർ 10 വരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നു. പ്രതിഷേധം നടക്കുന്ന പ്രദേശത്തിനു ചുറ്റും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാനും നീക്കമുണ്ടായി. മൊബൈൽ ഇന്റർനെറ്റ് ശൃംഖലകളിൽ നിയന്ത്രണം നടപ്പാക്കാൻ എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ, എംടിഎൻഎൽ തുടങ്ങിയ ടെലികോം സേവനദാതാക്കൾക്ക് ഡൽഹി പൊലീസ് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

പ്രതിഷേധം അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും നീക്കമെന്ന വിമർശനങ്ങൾക്കിടെ സുപ്രീംകോടതിയും വിഷയത്തിൽ ഇടപെട്ടിരുന്നു. രാജ്യതലസ്ഥാനത്ത് പൊതുജനങ്ങൾക്ക് നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടുണ്ടാകരുതെന്ന് കോടതി നിർദേശിച്ചു. മെട്രോ സ്റ്റേഷനുകൾ പൂർണമായി അടച്ചിടരുതെന്നും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

You may also like