തിരുവനന്തപുരം: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ച് പരാമർശിച്ചാൽ കലാപാഹ്വാനക്കേസുമാണെന്ന വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിനോട് പ്രതികരിച്ച ശ്രീലേഖ, സർക്കാരിന്റേത് ഇരട്ടനീതിയാണെന്ന് ആരോപിച്ചു. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം.
“ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാൽ പൊലീസിന് നേരിട്ട് കേസെടുക്കാനാകാത്ത മാനനഷ്ടക്കേസ്. രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞെന്ന പരാതി ലഭിച്ചാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാനക്കേസ്!” എന്നായിരുന്നു ശ്രീലേഖയുടെ കുറിപ്പ്.
പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിക്കെതിരെ ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു അവരുടെ പരാമർശം.
ഇതിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസാണ് ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരം കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ജാമ്യം ലഭിക്കുന്ന കുറ്റമാണിതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കേസിനെ രാഷ്ട്രീയ ഇരട്ടനീതിയുടെ ഉദാഹരണമായി വിശേഷിപ്പിച്ചാണ് ശ്രീലേഖ പ്രതികരിച്ചിരിക്കുന്നത്. അതേസമയം, കേസിൽ തുടർനടപടികൾ എങ്ങനെയാകുമെന്നത് അന്വേഷണത്തിനും നിയമനടപടികൾക്കും ശേഷമേ വ്യക്തമാകൂ.
