ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി നടപടി. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നിർദേശം നൽകി. അപ്പീൽ പരിഗണിക്കാതിരുന്ന ഹൈക്കോടതി നടപടിയെ വിമർശിച്ച സുപ്രീം കോടതി, ആരോപണവിധേയരെ കേൾക്കണമെന്ന പിണറായി വിജയന്റെ വാദവും അംഗീകരിച്ചു.
ജസ്റ്റിസ് ജോയ് മാല ബാഗ്ചിയും ജസ്റ്റിസ് വി. മോഹനയും അടങ്ങുന്ന അവധിക്കാല ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ജോയ് മാല ബാഗ്ചി നിരീക്ഷിച്ചു. ആരോപണവിധേയരുടെ വാദം കേൾക്കാതെ ഹർജി തള്ളിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഷയത്തിൽ പുതിയ തീരുമാനം എടുക്കണമെന്നും നിർദേശിച്ചു. അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കോടതി മുന്നറിയിപ്പ് നൽകി. അധികാരപരിധി മറികടക്കരുതെന്നും അന്വേഷണ നടപടികൾ നിയമത്തിന്റെ പരിധിക്കുള്ളിലായിരിക്കണമെന്നും നിർദേശിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്.
ഹർജിയിൽ വാദം നടന്നപ്പോൾ, 82 വയസ്സുള്ള പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമപരമായ സംരക്ഷണം വേണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. അപ്പീൽ നൽകാനുള്ള അനുമതി ഹൈക്കോടതി നിഷേധിച്ചത് തെറ്റാണെന്നും ഹർജിക്കാർ വാദിച്ചു.
സിംഗിൾ ബെഞ്ചിന് മുന്നിലുണ്ടായിരുന്ന ഹർജിയിൽ തങ്ങളെ കക്ഷികളാക്കിയിരുന്നില്ലെന്ന് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസും ചൂണ്ടിക്കാട്ടി. തങ്ങളെ നേരിട്ട് ബാധിക്കുന്ന ഉത്തരവിനെതിരെ അപ്പീൽ നൽകാൻ നിയമപരമായ അവകാശമുണ്ടെന്നും അത്തരം പരിഹാരം നിഷേധിക്കാനാവില്ലെന്നും അവർ സുപ്രീം കോടതിയിൽ വാദിച്ചു.
