ഒറ്റപ്പാലം: അർധരാത്രിയിൽ ശക്തമായ മഴയ്ക്കിടെ വീട് തകർന്നുവീണ് ഗൃഹനാഥനും ഭാര്യയ്ക്കും പരിക്ക്. ഒറ്റപ്പാലം പനമണ്ണയിൽ പുതുമനപ്പറമ്പിൽ വേലായുധൻ (58), ഭാര്യ ബേബി (49) എന്നിവർക്കാണ് പരിക്കേറ്റത്. മേൽക്കൂര പൂർണമായും നിലംപൊത്തിയതോടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു.
അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. ചിതലെടുത്ത് ശോചനീയാവസ്ഥയിലായിരുന്ന വീടിന്റെ മേൽക്കൂരയും ചുമരിന്റെ ചില ഭാഗങ്ങളുമാണ് തകർന്നുവീണത്. കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന വേലായുധന്റെ ദേഹത്തേക്ക് ഓടുകൾ വീണാണ് തലയ്ക്ക് പരിക്കേറ്റത്. ബേബിക്കും കാലിന് പരിക്കേറ്റു.
ബേബിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ കിടപ്പുമുറിയിൽ കുടുങ്ങിയ ഇരുവരെയും രക്ഷപ്പെടുത്തിയത്. തുടർന്ന് ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂട്ടുസ്വത്തായ ഭൂമിയിൽ വീടിന് മതിയായ രേഖകളില്ലാത്തതിനാൽ വിവിധ അപേക്ഷകൾ നൽകിയിട്ടും സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നാണ് വേലായുധൻ പറയുന്നത്. വീട് തകർന്നതോടെ ദുരിതത്തിലായ കുടുംബത്തെ ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ ജയസുധയും വില്ലേജ് അധികൃതരും സന്ദർശിച്ചു.
തകർന്ന വീട് ഉടൻ വാസയോഗ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മനിശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് താമസം മാറാനുള്ള തയ്യാറെടുപ്പിലാണ് വേലായുധനും കുടുംബവും. മഴക്കെടുതിയിൽ വീട് നഷ്ടമായതിനു പിന്നാലെ, അർഹമായ സഹായം ലഭിക്കുമോ എന്ന ആശങ്കയും ഈ കുടുംബത്തെ അലട്ടുകയാണ്.
