ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാകാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും ജാതി രാഷ്ട്രീയത്തെയും മതവർഗീയതയെയും എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര–വയലാർ വാരാചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ജയരാജൻ.
‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് പകരം ‘നായാടി മുതൽ നസ്രാണി വരെ’ എന്ന ആശയമാണ് വെള്ളാപ്പള്ളി മുന്നോട്ടുവയ്ക്കുന്നതെന്ന് ജയരാജൻ വിമർശിച്ചു. വെള്ളാപ്പള്ളി ശ്രീനാരായണ ദർശനങ്ങളെയാണോ പിന്തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങൾ തുറന്നുകാട്ടപ്പെടണമെന്നും ജയരാജൻ പറഞ്ഞു.
എസ്എൻഡിപി യോഗത്തിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് മലബാറിലേക്ക് യാഗാശ്വത്തെ അഴിച്ചുവിട്ടെന്ന വെള്ളാപ്പള്ളിയുടെ പ്രഖ്യാപനത്തെയും ജയരാജൻ വിമർശിച്ചു. ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമല്ല, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാകലാണ് ഇതിനു പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ആ യാഗാശ്വത്തെ പിടിച്ചുകെട്ടിയിട്ടുണ്ടെന്നും അതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമെന്നും ജയരാജൻ പറഞ്ഞു.
വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് സി. കേശവൻ നടത്തിയ പ്രസംഗം വെള്ളാപ്പള്ളി കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി. കേശവന്റെ നിലപാടിൽനിന്ന് ഇപ്പോഴത്തെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എത്രത്തോളം അകലെയാണെന്നും ജയരാജൻ ചോദിച്ചു. ജാതി രാഷ്ട്രീയത്തെയും മതവർഗീയതയെയും സിപിഐഎം എക്കാലത്തും എതിർത്തിട്ടുണ്ടെന്നും രക്തസാക്ഷി വാരാചരണ വേളയിൽ ആ പാരമ്പര്യം ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പരാമർശത്തെ വേണ്ടവിധം എതിർക്കാത്തത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളിലൊന്നായി സിപിഐഎം വിലയിരുത്തിയിരുന്നുവെന്ന പശ്ചാത്തലത്തിലാണ് ജയരാജന്റെ വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. പിണറായി വിജയന്റെ വാഹനത്തിൽ വെള്ളാപ്പള്ളി നടേശൻ യാത്ര ചെയ്തതും നേരത്തേ വിവാദമായിരുന്നു.
ആലപ്പുഴയിലെ സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലും എസ്എൻഡിപി യോഗത്തിൽ സംഘപരിവാർ സ്വാധീനം വർധിക്കുന്നതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടി പ്രവർത്തകർ എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെട്ട് അതിന്റെ മതേതര സ്വഭാവം ശക്തിപ്പെടുത്തണമെന്നും നിർദേശമുണ്ടായിരുന്നു.
