കൊച്ചി: ചേരാനല്ലൂരിലെ വാഹനാപകടക്കേസിൽ തനിക്കെതിരായ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന് വാദിച്ച് മുൻകൂർ ജാമ്യം തേടി 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു. മകൻ കാർ എടുത്ത് പുറത്തുപോയത് അറിഞ്ഞിരുന്നില്ലെന്നും വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ ജഡ്ജി വ്യക്തമാക്കി. ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് അനുമതി തേടിയതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അപകടവിവരം അറിഞ്ഞത് പുലർച്ചെ 2.14ഓടെയാണെന്ന് ജഡ്ജി ഹർജിയിൽ പറയുന്നു. മരണം സംഭവിക്കാവുന്ന പ്രവൃത്തിയാണെന്ന അറിവോ കുറ്റകരമായ മാനസികാവസ്ഥയോ തനിക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു. അപകടവിവരം അറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയത് പിതാവെന്ന നിലയിലാണെന്നും ജുഡീഷ്യൽ ഓഫീസറെന്ന നിലയിലല്ലെന്നും വിശദീകരിച്ചു.
സെഷൻസ് ജഡ്ജിയുടെ അനുമതിയില്ലാതെ പൊലീസ് സ്റ്റേഷനിലെത്തിയതിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ടെന്നും താൻ മറുപടി നൽകിയിട്ടുണ്ടെന്നും ജഡ്ജി വ്യക്തമാക്കി. ജില്ലാ ജഡ്ജിയുടെ അനുമതി ലഭിക്കാൻ കാത്തുനിൽക്കാൻ സമയമില്ലാതിരുന്നതിനാലാണ് ഉടൻ സ്റ്റേഷനിലെത്തിയതെന്നും ഹർജിയിൽ പറയുന്നു.
വാഹനത്തിന്റെ ഉടമയാണെന്ന കാരണത്താൽ മാത്രം തനിക്കെതിരെ കേസെടുക്കാനാകില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ജഡ്ജി വാദിച്ചു. ഒളിവിൽ പോകാൻ ഉദ്ദേശമില്ലെന്നും ചോദ്യം ചെയ്യേണ്ട സാഹചര്യമോ അറസ്റ്റ് അനിവാര്യമാകുന്ന സാഹചര്യമോ ഇല്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ജഡ്ജിയെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതിനായി രാവിലെ 11ന് എറണാകുളം പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഉടമയെന്ന നിലയിൽ മാത്രമല്ല ജഡ്ജിയെ പ്രതിയാക്കുന്നതെന്നും കേസിൽ നേരിട്ട് ഇടപെട്ടെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും കുടുംബം ആരോപിക്കുന്നു. ഈ ആരോപണങ്ങൾ കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
