Home Keralaകേരളത്തിലെ എസ്‌ഐആർ: വിവരശേഖരണത്തിന് സമയപരിധി നീട്ടില്ല; വോട്ടർപട്ടികയിൽനിന്ന് പുറത്തായവർക്ക് ഇനിയും പരാതിപ്പെടാം

കേരളത്തിലെ എസ്‌ഐആർ: വിവരശേഖരണത്തിന് സമയപരിധി നീട്ടില്ല; വോട്ടർപട്ടികയിൽനിന്ന് പുറത്തായവർക്ക് ഇനിയും പരാതിപ്പെടാം

by news_desk1
0 comments

ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് അനുവദിച്ച സമയപരിധി നീട്ടാനാകില്ലെന്ന് സുപ്രീംകോടതി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ നീട്ടണമെന്ന ആവശ്യം കോടതി തള്ളി. എന്നാൽ എസ്‌ഐആർ നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇനിയും പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി.

തിരുത്തലും പുതിയ പേരുകൾ ഉൾപ്പെടുത്തലും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. എസ്‌ഐആർ പൂർത്തിയായ നടപടിയല്ലെന്നും തുടർപ്രക്രിയയാണെന്നും കോടതി നിരീക്ഷിച്ചു. പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതികൾ രേഖാമൂലം സമർപ്പിക്കാമെന്നും വ്യക്തമാക്കി.

എസ്‌ഐആറിനെ തുടർന്ന് വോട്ടർപട്ടികയിൽനിന്ന് പുറത്തായ 24 ലക്ഷം പേരിൽ പലർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. വിവരശേഖരണത്തിനുള്ള സമയം നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്നാണ് സമയപരിധി നീട്ടാതെ തന്നെ പരാതികൾ സമർപ്പിക്കാനുള്ള അവസരം തുടരുമെന്ന് കോടതി വ്യക്തമാക്കിയത്.

കേരളത്തിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ അവ നിലനിർത്തുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

You may also like