ഭുവനേശ്വർ: 24 മണിക്കൂറിലേറെയായി വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് ആയിരക്കണക്കിന് ആളുകൾ. രക്ഷാപ്രവർത്തകർക്ക് ബോട്ടുകളിൽ പോലും എത്താനാകാത്ത പ്രദേശങ്ങൾ. ചുഴലിക്കാറ്റ് അർണബിനെ തുടർന്നുണ്ടായ അതിതീവ്രമഴയിൽ ഒഡിഷയിലെ ഗഞ്ചാം, ഗജപതി ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമായി. ഗഞ്ചാം ജില്ലയിൽ മാത്രം 50,000ത്തോളം പേരെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്.
എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങളിൽ ഹെലികോപ്റ്റർ വഴി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഇരു ജില്ലകളിലുമായി നൂറിലധികം രക്ഷാസംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സൈനിക ഹെലികോപ്റ്ററുകളുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും സഹായവും തേടിയിട്ടുണ്ട്.
ഗഞ്ചാം ജില്ലയിലെ പത്രാപുർ ബ്ലോക്കിൽ 24 മണിക്കൂറിനിടെ 54 സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇത്രയും ശക്തമായ മഴ ഗഞ്ചാമിൽ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. 24 മണിക്കൂറിനിടെ ലഭിച്ച മഴ പ്രദേശത്തിന്റെ ശരാശരി വാർഷിക മഴയേക്കാൾ കൂടുതലാണെന്ന് ചീഫ് സെക്രട്ടറി അനു ഗാർഗും വ്യക്തമാക്കി.
റുഷികുല്യ നദി കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. സൊറാഡ, അസ്ക, ഭഞ്ജനഗർ, പുരുഷോത്തംപുർ മേഖലകളിലാണ് പ്രളയം കൂടുതൽ നാശം വിതച്ചത്. ധരാക്കോട്ട് ബ്ലോക്കിലെ ദസമൈലി ഗ്രാമത്തിൽ പത്തടിയോളം ഉയരത്തിൽ വെള്ളം കയറി. പാലങ്ങൾ തകരുകയും റോഡുകൾ ഒലിച്ചുപോകുകയും ചെയ്തതോടെ ഗതാഗതവും തടസ്സപ്പെട്ടു.
അച്ഛുലിക്ക് സമീപം റുഷികുല്യ നദിയുടെ കരയിൽ 30 അടി വീതിയിൽ വിള്ളലുണ്ടായതായും പടശാലയ്ക്ക് സമീപത്തെ പാലം തകർന്നതായും അധികൃതർ അറിയിച്ചു. ഭഞ്ജനഗർ നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.
ഒഴുക്കിന്റെ ശക്തി കാരണം ബോട്ടുകൾ ഉപയോഗിച്ചുപോലും പല പ്രദേശങ്ങളിലും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ കഴിയാത്ത 21 സ്ഥലങ്ങളിൽ സൈനിക ഹെലികോപ്റ്റർ വഴി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 12 മണിക്കൂറിനിടെ മഴയുടെ ശക്തി കുറഞ്ഞതോടെ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രളയത്തിൽ ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണ്.
