കൊച്ചി: ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ബി.ബി.എ, ബി.കോം, ബി.സി.എ യോഗ്യതയുള്ളവർക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (കെ.എം.ആർ.എൽ) അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അവസരം. വിവിധ വിഭാഗങ്ങളിലായി 70 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷമാണ് പരിശീലന കാലാവധി. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഷോർട്ട്ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.
ഒഴിവുകളും യോഗ്യതകളും
- ഗ്രാജുവേറ്റ് അപ്രന്റീസ് (ടെക്നിക്കൽ) – 16 ഒഴിവുകൾ: സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എൻജിനീയറിങ്, ഐ.ടി, കമ്പ്യൂട്ടർ സയൻസ് ബിരുദക്കാർക്ക് അപേക്ഷിക്കാം.
- ഗ്രാജുവേറ്റ് അപ്രന്റീസ് (നോൺ-ടെക്നിക്കൽ) – 6 ഒഴിവുകൾ: ബി.ബി.എ, ബി.കോം, ബി.സി.എ യോഗ്യതയുള്ളവർക്ക് അവസരം.
- ഡിപ്ലോമ ടെക്നീഷ്യൻ അപ്രന്റീസ് – 28 ഒഴിവുകൾ: സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം.
- ട്രേഡ് അപ്രന്റീസ് (ഐ.ടി.ഐ) – 20 ഒഴിവുകൾ: ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, വെൽഡർ, ഫിറ്റർ, പ്ലംബർ ട്രേഡുകളിൽ ഐ.ടി.ഐ പൂർത്തിയാക്കിയവർക്ക് അവസരം.
അപേക്ഷിക്കാനുള്ള യോഗ്യതകൾ
റഗുലർ കോഴ്സിലൂടെ പഠനം പൂർത്തിയാക്കിയവർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. അവസാന പരീക്ഷാഫലം പ്രസിദ്ധീകരിച്ച് അഞ്ച് വർഷത്തിനുള്ളിലായിരിക്കണം. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടാകണം. നേരത്തേ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
അപേക്ഷിക്കേണ്ട വിധം
ഐ.ടി.ഐ ട്രേഡുകാർ ആദ്യം നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രമോഷൻ സ്കീം (എൻ.എ.പി.എസ്) പോർട്ടലായ apprenticeshipindia.gov.in വഴി പ്രൊഫൈൽ രജിസ്റ്റർ ചെയ്യണം. ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീം (എൻ.എ.ടി.എസ്) പോർട്ടലായ nats.education.gov.in വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.നവംബർ 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
രജിസ്ട്രേഷൻ നമ്പർ ലഭിച്ചശേഷം വിജ്ഞാപനത്തോടൊപ്പമുള്ള ബയോഡാറ്റ ഫോം പൂരിപ്പിക്കണം. ആവശ്യമായ രേഖകൾ സഹിതം വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കണം.
General Manager (HR, ADMN & TRG),
Kochi Metro Rail Ltd., Corporate Office, 4th Floor,
JLN Stadium Metro Station, Kaloor,
Kochi, Kerala – 682017
കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.
https://kochimetro.org/careers/site_media/notifications/217.pdf
