തൃശൂർ: നിരീക്ഷണ ക്യാമറകളെല്ലാം സ്പ്രേ ചെയ്ത് മറച്ചശേഷം എടിഎമ്മും പണമിടപാട് മെഷീനും കട്ടർ ഉപയോഗിച്ച് തകർക്കാൻ ശ്രമം. പുതുക്കാട് തൊറവിലെ എസ്ബിഐ ശാഖയോടു ചേർന്നുള്ള എടിഎം സെന്ററിലാണ് കവർച്ചാശ്രമം നടന്നത്. എന്നാൽ മെഷീനുകൾ അറുത്തുമാറ്റാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. സംഭവത്തിൽ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ മോഷ്ടാവ് എടിഎം, സിഡിഎം മെഷീനുകളിലെ അഞ്ച് ഫ്രണ്ട് ക്യാമറകളിലും സ്പ്രേ അടിച്ച് ദൃശ്യങ്ങൾ അവ്യക്തമാക്കി. സെന്ററിലെ മറ്റു ക്യാമറകളിൽ തന്റെ ദൃശ്യങ്ങൾ പതിഞ്ഞതായി മനസ്സിലാക്കിയതോടെ അവയിലും സ്പ്രേ ചെയ്തു. തുടർന്നാണ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ തകർക്കാൻ ശ്രമിച്ചത്. സെന്ററിനുള്ളിലെ ഒരു ക്യാമറയിൽ പതിഞ്ഞ കവർച്ചാശ്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രാത്രി നടന്ന സംഭവത്തെക്കുറിച്ച് സെന്ററിൽ പണമിടപാടിനെത്തിയവരാരും അറിഞ്ഞിരുന്നില്ല. രാവിലെ ഒൻപതരയോടെ എത്തിയ ബാങ്കിലെ ക്ലീനിങ് ജീവനക്കാരനാണ് കവർച്ചാശ്രമം കണ്ടെത്തിയത്. പുതുക്കാട് മേൽപ്പാല നിർമാണത്തിനായി ബാങ്കിന് മുന്നിലെ സർവീസ് റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ രാത്രിയിൽ എടിഎം സെന്ററിലെത്തുന്നവരുടെ എണ്ണം കുറവായിരുന്നു. ഇത് മനസ്സിലാക്കിയാണ് മോഷ്ടാവ് കവർച്ചയ്ക്ക് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്തുതന്നെയാണ് എടിഎം സെന്ററും. ഇവിടെ രണ്ടാം തവണയാണ് കവർച്ചാശ്രമം നടക്കുന്നത്. മുമ്പ് ദേശീയപാതയിലെ സർവീസ് റോഡിൽ കണ്ടെയ്നർ ലോറി മറയാക്കി നിർത്തി കവർച്ചയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഹരിയാന സ്വദേശികളായ മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു.
ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ദേശീയപാതയോരത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
