പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ജൂലൈ 11ന് നടന്ന സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയായ ഫെന്നി നൈനാനും ഉൾപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ ഭീഷണിപ്പെടുത്താനും മർദിക്കാനുമാണ് കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തിയതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ശ്രീനാദേവി കുഞ്ഞമ്മയ്ക്കും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ വീഡിയോ ചെയ്തതിന്റെ പേരിൽ കൊച്ചിയിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്ത് അടൂരിലെത്തിച്ച പ്രതിയെയാണ് സ്റ്റേഷനിൽവെച്ച് ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം.
പ്രതിയെ കൊണ്ടുവന്ന വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതായും തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതായും ആരോപണമുണ്ട്. തുടർന്ന് നിയമപരമായ അനുമതിയില്ലാതെ ലോക്കപ്പിനുള്ളിൽ കടന്ന് രാജൻ ജോസഫിനെ ശ്രീനാദേവി കുഞ്ഞമ്മ ഭീഷണിപ്പെടുത്തിയെന്നും പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിനുശേഷം സ്റ്റേഷനിലെത്തിയതും പ്രതിയെ ഭീഷണിപ്പെടുത്തിയതും സംബന്ധിച്ച കാര്യങ്ങൾ ശ്രീനാദേവി കുഞ്ഞമ്മ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി പങ്കുവെച്ചിരുന്നു. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം രാവിലെ രാഹുൽ മാങ്കൂട്ടത്തിലും അടൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.
പൊലീസ് സ്റ്റേഷനിലെ അതിക്രമവും ഉദ്യോഗസ്ഥനെതിരായ മർദനാരോപണവും പുറത്തുവന്ന ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുകയാണ്.
