Home Keralaകെഎസ്ആർടിസി പെൻഷൻ വർധനയില്ല; ഹൈക്കോടതി ഉത്തരവിന് വഴങ്ങാതെ സർക്കാർ, കാരണം സാമ്പത്തിക പ്രതിസന്ധി

കെഎസ്ആർടിസി പെൻഷൻ വർധനയില്ല; ഹൈക്കോടതി ഉത്തരവിന് വഴങ്ങാതെ സർക്കാർ, കാരണം സാമ്പത്തിക പ്രതിസന്ധി

by news_desk1
0 comments

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വർധിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പെൻഷൻ വർധന സാധ്യമല്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. തീരുമാനത്തിലൂടെ പ്രതിവർഷം 12 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നും ദൈനംദിന ചെലവുകൾക്കുപോലും പ്രതിസന്ധിയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതിയാണ് പെൻഷൻ വർധനയ്ക്ക് തടസ്സമെന്ന് ഗതാഗത മന്ത്രി സി.പി. ജോണും വ്യക്തമാക്കി. സ്ഥാപനത്തിന് നിലവിൽ 995 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ഇതിൽ വലിയൊരു തുക ജീവനക്കാർക്ക് നൽകാനുള്ള കുടിശികയാണെന്നും മന്ത്രി പറഞ്ഞു. കരാറുകാർക്ക് ഏകദേശം 250 കോടി രൂപ കൂടി നൽകാനുണ്ട്.

ഈ കടബാധ്യതകൾ കഴിഞ്ഞ നാലുമാസംകൊണ്ട് ഉണ്ടായതല്ലെന്നും ഇത്രയും ബാധ്യതയുള്ള സാഹചര്യത്തിലാണ് സർക്കാർ കെഎസ്ആർടിസിയുടെ ചുമതല ഏറ്റെടുത്തതെന്നും മന്ത്രി വിശദീകരിച്ചു. നിലവിൽ സ്ഥാപനത്തിന്റെ വരുമാനത്തിൽ വർധനയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പെൻഷൻ വർധിപ്പിക്കുന്നതുപോലൊരു തീരുമാനം സർക്കാരിനോ കെഎസ്ആർടിസി മാനേജ്‌മെന്റിനോ എടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിനെ തുടർന്നും പെൻഷൻ വർധന നടപ്പാകാത്തതോടെ കെഎസ്ആർടിസി പെൻഷൻകാരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

You may also like