കോഴിക്കോട്: അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഷനിലായ രണ്ട് പൊലീസുകാരെ സർവീസിൽ തിരിച്ചെടുക്കാൻ നീക്കം. ഒന്നര വർഷം മുമ്പ് മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിൽ നടന്ന പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ട കേസിലാണ് ഇവർക്കെതിരെ നടപടി ഉണ്ടായത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട് തിരിച്ചെടുക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് വിവരം.
പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതികളായ ഉദ്യോഗസ്ഥർ വിചാരണ പൂർത്തിയാകുന്നതുവരെ സർവീസിന് പുറത്തുതന്നെ തുടരണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥതലത്തിൽ നടന്ന ചർച്ചയിലും സേനയ്ക്കുള്ളിലെ എതിർപ്പ് പ്രകടമായിരുന്നു.
2025 ജൂൺ ആറിനാണ് അന്നത്തെ നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷും എസ്ഐ എൻ. ലീലയും ചേർന്ന് മലാപ്പറമ്പിലെ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. ഇവിടെ ഉണ്ടായിരുന്ന ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് ജില്ലാ പൊലീസ് ആസ്ഥാനത്തും എലത്തൂർ പൊലീസ് സ്റ്റേഷനിലും ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന രണ്ട് പൊലീസുകാരുടെ പങ്ക് കണ്ടെത്തിയത്. ഇരുവരെയും പിന്നീട് അറസ്റ്റ് ചെയ്യുകയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ വിചാരണ പൂർത്തിയാകുന്നതുവരെ ഇവരെ സർവീസിൽ തിരിച്ചെടുക്കരുതെന്ന ആവശ്യവും സേനയ്ക്കുള്ളിൽ ശക്തമാണ്. അതേസമയം, രാഷ്ട്രീയതലത്തിലുള്ള ഇടപെടലിലൂടെ തിരിച്ചെടുക്കാനുള്ള നീക്കം സജീവമാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
