മധുര: തഞ്ചാവൂരിലെ ക്ഷേത്രഭൂമിയിൽ അനുമതിയില്ലാതെ സ്ഥാപിച്ച ദ്രാവിഡ കഴകം സ്ഥാപകനും യുക്തിവാദ നേതാവുമായ ഇ.വി. രാമസാമി പെരിയാറിന്റെ പ്രതിമ നാലാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി. പ്രതിമ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാൻ തഞ്ചാവൂർ ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകി.
തിരുവയ്യാറിലെ കണ്ടിയൂർ അരുൾമിഗു ബ്രഹ്മശിരഖണ്ഡീശ്വരർ ക്ഷേത്രഭൂമിയിൽ സ്ഥാപിച്ച പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാമ രവികുമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് പി. വേൽമുരുകൻ, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതിമ സ്ഥിതിചെയ്യുന്നത് സർക്കാർ പുറമ്പോക്ക് ഭൂമിയിലല്ലെന്നും ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണെന്നും ജില്ലാ കളക്ടർ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര അധികൃതരുടെയോ ജില്ലാ കളക്ടറുടെയോ മറ്റ് ബന്ധപ്പെട്ട അധികാരികളുടെയോ മുൻകൂർ അനുമതിയില്ലാതെയാണ് പ്രതിമ സ്ഥാപിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
തുടർന്നാണ് പ്രതിമ ക്ഷേത്രഭൂമിയിൽനിന്ന് സുരക്ഷിതമായി നീക്കി അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. നടപടി പൂർത്തിയാക്കി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തുടർനടപടികൾ വിലയിരുത്തുന്നതിനായി കേസ് നാലാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
ക്ഷേത്രത്തിന്റെ മതിലിനോട് ചേർന്നാണ് പതിറ്റാണ്ടുകൾക്കു മുമ്പ് പെരിയാറിന്റെ പ്രതിമ സ്ഥാപിച്ചിരുന്നത്.
