തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ കോടികളുടെ ഗുരുതര ക്രമക്കേടുകളും കോഴയിടപാടുകളും പുറത്തുകൊണ്ടുവരുന്ന അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് സമർപ്പിച്ച ഈ റിപ്പോർട്ടിൽ വകുപ്പിലെ ഉന്നതരായ ഉദ്യോഗസ്ഥർക്കെതിരെ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള കോഴ ആരോപണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജോയിന്റ് എക്സൈസ് കമ്മീഷണർ വിനോദ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവരുമായി ബന്ധപ്പെട്ട അഴിമതികളുടെ വിവരങ്ങളാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എക്സൈസ് കമ്മീഷണറേറ്റിൽ സേവനമനുഷ്ഠിക്കവെ വിനോദ് ‘ഗംഗ’ എന്ന ബാറിന്റെ ലൈസൻസ് ആവശ്യങ്ങൾക്കായി നിയമവിരുദ്ധമായി ഏജന്റ് പണി നടത്തുകയും വൻ തുക കൈക്കൂലി വാങ്ങുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ ഡിസിയായിരിക്കെ ബാർ പരിശോധനകൾക്കും പ്രവർത്തന സമയം നീട്ടി നൽകുന്നതിനുമായി 30,000 രൂപ മുതൽ 50,000 രൂപ വരെ വിനോദ് ഈടാക്കിയതായാണ് കണ്ടെത്തൽ. മുൻപും ഗുരുതര കേസുകളിൽ പ്രതിയായിട്ടും സ്വന്തം സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ട ചരിത്രവും ഇയാൾക്കുണ്ട്.
ആലപ്പുഴ ഡിസി അജയിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് റാവു ഉന്നയിക്കുന്നത്. റോമ സെന്റർ ബാർ പരിശോധനയ്ക്കായി ഉടമയോട് 30,000 രൂപയും പിന്നീട് ലൈസൻസ് പുതുക്കാൻ 20,000 രൂപയും ആവശ്യപ്പെട്ടു. എക്സൈസ് മന്ത്രിയുമായി അടുത്ത ബന്ധമുള്ള ബാർ ഉടമയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഇതിന് പുറമെ ഒരു കള്ള് ഷാപ്പ് ലൈസൻസിന്റെ മറവിൽ രണ്ട് കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും, പരാതി വന്നിട്ടും അന്വേഷണം നടത്താതെ ഒതുക്കിത്തീർത്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വന്തം ബന്ധുവിന്റെ പേരിൽ ബാറുകൾ വിലയ്ക്കും ലീസിനും വാങ്ങി പെർമിറ്റ് കള്ള് വിൽപ്പന നടത്തുന്നതായും അജയിക്ക് വൻതോതിൽ ബിനാമി സ്വത്തുക്കളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ബാറുടമകൾ ലാഭത്തിന്റെ 10% വരെ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നുണ്ടെന്നും, ഇത്തരത്തിൽ നൽകുന്ന തുക ബാറുകളിലെ കണക്കുപുസ്തകത്തിൽ ‘സന്തോഷം’ എന്ന പേരിൽ രേഖപ്പെടുത്തിയിരുന്നുവെന്നും പിന്നീട് വിജിലൻസ് കണ്ടെത്തിയതോടെയാണ് ഇത് നിർത്തിയതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇടനിലക്കാർ വഴിയാണ് ഉദ്യോഗസ്ഥർ പണം സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ഫീൽഡ് ഡ്യൂട്ടികളിൽ നിന്ന് അടിയന്തരമായി മാറ്റി നിർത്തണമെന്നും, സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും സീറാം സാംബശിവ റാവു നിർദ്ദേശിച്ചു.
