കെയ്റോ: ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതരുടെ ആശങ്ക. ഞായറാഴ്ച തലസ്ഥാനമായ കെയ്റോയ്ക്ക് തെക്കുഭാഗത്തുള്ള ഗിസ ഗവർണറേറ്റിലെ അൽ-അയ്യാത് ജില്ലയിലാണ് അപകടമുണ്ടായത്.
കെയ്റോയിൽനിന്ന് ഏകദേശം 52 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. തെക്കുപടിഞ്ഞാറൻ ഫയൂം പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിൻ, തെക്കൻ പ്രവിശ്യയായ അസ്വാനിലേക്ക് സർവീസ് നടത്തിയിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഈജിപ്ത് ഗതാഗത മന്ത്രാലയമാണ് അപകടവിവരം പുറത്തുവിട്ടത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അപകടത്തിൽപ്പെട്ടവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉത്തരവിട്ടതായി ഈജിപ്ത് പ്രസിഡന്റ് അറിയിച്ചു.
