കൊച്ചി: ബലാത്സംഗക്കേസിൽ അറസ്റ്റിലാകാനുള്ള സാധ്യത നിലനിൽക്കെ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ കെ. വർഗീസ്. പരാതിക്കാരിയുമായി നല്ല സൗഹൃദത്തിലായിരുന്നുവെന്നും ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡോക്ടറുടെ വാദം. പരാതിക്കാരി തന്റെ കുടുംബ ഡോക്ടറാണെന്നും ദീർഘകാലമായി ചികിത്സ തേടുന്നുണ്ടെന്നും അപേക്ഷയിൽ പറയുന്നു.
പരാതിക്കാരിയുടെ ബന്ധുവായ നടിക്കെതിരെയും ജാമ്യാപേക്ഷയിൽ ഡോക്ടർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പണം തട്ടിയെടുക്കാനായി നടി ശ്രമിച്ചെന്നാണ് ആരോപണം. കടവന്ത്രയിലെ ഫ്ലാറ്റിൽ തന്നെ കെട്ടിയിട്ടും നഗ്നനാക്കിയുമാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും അപേക്ഷയിൽ പറയുന്നു. പണം ആവശ്യപ്പെട്ട് നടി അയച്ച വാട്സ്ആപ് സന്ദേശങ്ങൾ കൈവശമുണ്ടെന്നും ഡോക്ടർ അവകാശപ്പെടുന്നു. തന്നെ മർദിച്ച സംഭവത്തിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ബലാത്സംഗക്കേസിന് പിന്നിലെന്നും ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു.
നവംബർ രണ്ടിനാണ് കേസുകൾക്ക് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. നടിയും നടൻ ബിബിൻ പെരുമ്പള്ളിയും ഉൾപ്പെടെ പന്ത്രണ്ടുപേർ വൈറ്റിലയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നായിരുന്നു ഡോക്ടറുടെ പരാതി. നടിയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്ന് അറിയിച്ചാണ് തന്നെ വിളിച്ചുവരുത്തിയതെന്ന് ജോൺസൺ കടവന്ത്ര പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്നും ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന രണ്ട് ഫോണുകൾ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.
നടിയെ നേരത്തേ പരിചയമുണ്ടായിരുന്നതിനാലാണ് ഫ്ലാറ്റിലെത്തിയതെന്നും രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദനമെന്നും ഡോക്ടർ ആരോപിച്ചിരുന്നു. ഈ പരാതിയിൽ നടി ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെയാണ് ഡോക്ടർക്കെതിരെ നടിയുടെ ബന്ധുവായ യുവതി ബലാത്സംഗ പരാതി നൽകിയത്. മദ്യം നൽകിയശേഷം ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ ജോൺസൺ കെ. വർഗീസിന്റെ ഫോണിൽനിന്ന് നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ ഒളിവിൽ പോയ ഡോക്ടറെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് ആരോപണങ്ങൾ നിഷേധിച്ച് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.
