തിരുവനന്തപുരം: ജിഎൻഎയിൽനിന്ന് തൽക്കാലം വൈദ്യുതി വാങ്ങേണ്ടതില്ലെന്ന സർക്കാർ തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ബോർഡ് ചെയർമാനുമായും ഊർജ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിച്ചെന്നാണ് വാർത്തകളിൽനിന്ന് മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്ക് മുകളിലാണെന്നും ആവശ്യാനുസരണം ഏത് വകുപ്പിലും ഇടപെടാൻ അദ്ദേഹത്തിന് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ദീർഘനേരം ചർച്ച നടത്തിയിരുന്നു. പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്ഇബി മുൻ ചെയർമാൻ റിപ്പോർട്ട് നൽകിയതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഹിമാചലിൽനിന്നുള്ള വൈദ്യുതി സഹായകമായി. നവംബർ മുതൽ 2027 മേയ് വരെ അവിടെനിന്ന് വൈദ്യുതി ലഭിക്കുന്നത് ഗുണകരമാകുമെന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച ഫയൽ നീങ്ങിയതെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.
