Home National‘വായുമലിനീകരണത്തിലും വിശ്വഗുരു’; ബിജെപിയുടേത് പൊള്ളയായ വാഗ്ദാനങ്ങളും പിആർ നാടകങ്ങളുമെന്ന് ഖർഗെ

‘വായുമലിനീകരണത്തിലും വിശ്വഗുരു’; ബിജെപിയുടേത് പൊള്ളയായ വാഗ്ദാനങ്ങളും പിആർ നാടകങ്ങളുമെന്ന് ഖർഗെ

by news_desk1
0 comments

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നതിനിടെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. വായുമലിനീകരണത്തിന്റെ കാര്യത്തിലും ഇന്ത്യ ‘വിശ്വഗുരു’ ആയെന്നും ബിജെപിയുടെ മുഖമുദ്ര പൊള്ളയായ വാഗ്ദാനങ്ങളും പിആർ നാടകങ്ങളുമാണെന്നും അദ്ദേഹം പരിഹസിച്ചു.

മലിനീകരണത്തിന്റെ യഥാർഥ തോത് മറച്ചുവയ്ക്കാൻ കൃത്രിമം നടത്തിയെന്നും ഡൽഹിയിലെ 59 നിരീക്ഷണ കേന്ദ്രങ്ങളിൽ 36 എണ്ണത്തിലെയും വിവരങ്ങൾ പുറത്തുവിടാതെ മറച്ചുവച്ചെന്നുമാണ് ഖർഗെയുടെ ആരോപണം. ദീപാവലിക്കുശേഷം തലസ്ഥാനത്തെ വായുമലിനീകരണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വിമർശനം. അയൽസംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതും മലിനീകരണം രൂക്ഷമാക്കുന്നുണ്ട്.

ഡൽഹി–എൻസിആർ മേഖലയിൽ വായു ഗുണനിലവാര സൂചിക 400 കടന്ന് അതീവ ഗുരുതരാവസ്ഥയിലെത്തിയ പശ്ചാത്തലത്തിൽ സർക്കാരിന്റെ പ്രതിരോധ നടപടികളിലെ വീഴ്ചകളെ സുപ്രീം കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. തലസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നതാണ് മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തേക്കാൾ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ അമിതമായ എണ്ണമാണ് മലിനീകരണത്തോത് ഉയർത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.

പൊതുഗതാഗത സംവിധാനം പര്യാപ്തമല്ലാത്തതിനാലാണ് ജനങ്ങൾ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ദിവസവും ഡൽഹിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ സ്വഭാവം നിരീക്ഷിക്കാൻ അതിർത്തികളിൽ കൃത്യമായ സംവിധാനങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആഡംബര, വാണിജ്യ വാഹനങ്ങളുടെ അമിത ഉപയോഗവും സാമൂഹിക പദവിയുടെ ഭാഗമായി വാഹനങ്ങൾ നിരത്തിലിറക്കുന്നതും മലിനീകരണത്തിന് കാരണമാകുന്നുണ്ട്. എന്നാൽ ഇതിന്റെ യഥാർഥ ദുരിതം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരാണെന്നും കോടതി കൂട്ടിച്ചേർത്തു.

You may also like