തൃശൂർ: ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിലാണ് അപകടം. ക്ഷേത്രത്തിനു സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ്–സജിത ദമ്പതികളുടെ മക്കളായ സായ്ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കുട്ടികളെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ ശാന്തി നഴ്സിങ് ഹോമിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. മൃതദേഹങ്ങൾ ശാന്തി നഴ്സിങ് ഹോമിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തും.
