ഫുജൈറ: ഉമ്മയുടെ കൺമുന്നിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. ഫുജൈറയിലുണ്ടായ ദാരുണ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിലെ മൂന്ന് പേരുടെയും ഖബറടക്കം ഇന്ന് യുഎഇയിൽ നടക്കും. മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ ഇരട്ടമക്കളായ മുഹമ്മദ് അസ്മിൽ സിദ്ദീഖ് (21), മിസ്ന ജുബിൻ സിദ്ദീഖ് (21), മൂത്ത മകൾ ഫർസാനയുടെ മൂന്ന് വയസ്സുകാരനായ മകൻ മുഹമ്മദ് ഫായിസ് എന്നിവർക്കാണ് ഫുജൈറയിൽ അന്ത്യവിശ്രമമൊരുക്കുന്നത്.
ഇന്ന് ജുമുഅ നമസ്കാരത്തിനുശേഷം ഫുജൈറ ഓൾഡ് ഇത്തിസാലാത്തിന് സമീപത്തെ പള്ളിയിൽ ജനാസ നമസ്കാരം നടക്കും. തുടർന്ന് തൊട്ടടുത്ത ഖബർസ്ഥാനിൽ മൃതദേഹങ്ങൾ സംസ്കരിക്കും. മൃതദേഹങ്ങൾ ഇതിനകം പള്ളിയിലെത്തിച്ചിട്ടുണ്ട്. ജനാസ നമസ്കാരത്തിന് മുമ്പായി അന്ത്യാഞ്ജലി അർപ്പിക്കാൻ ആളുകൾ എത്തിത്തുടങ്ങിയതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
ഫുജൈറയിലെ പ്രമുഖ വ്യവസായിയാണ് സിദ്ദീഖ്. പതിറ്റാണ്ടുകളായി പ്രദേശത്ത് താമസിക്കുന്ന കുടുംബം അടുത്തിടെയാണ് നാട്ടിൽനിന്ന് യുഎഇയിലേക്ക് മടങ്ങിയെത്തിയത്. പിതാവിന്റെ ചികിത്സയ്ക്കായി നാട്ടിൽ പോയി തിരിച്ചെത്തിയ ഇവർ, ബന്ധുവിനെ ഷാർജയിൽ ഇറക്കിയശേഷം മടങ്ങുന്നതിനിടെയാണ് ദുരന്തത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ ഫുജൈറ കോർട്ട് ഹൗസിന് സമീപം ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടവിവരം കൂടെയുണ്ടായിരുന്ന മാതാവ് ആരിഫയാണ് മൂത്ത മകൻ അജ്മലിനെ ഫോണിൽ വിളിച്ച് അറിയിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അസ്മിലും മിസ്നയും കുഞ്ഞു ഫായിസും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ ആരിഫയും മകൾ ഫർസാനയും മറ്റ് രണ്ട് കുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ട്.
പഠനത്തിലും ജീവിതത്തിലും ഒരുമിച്ചുനിന്ന ഇരട്ടസഹോദരങ്ങളുടെ അപ്രതീക്ഷിത വിയോഗം നാട്ടിലും പ്രവാസി സമൂഹത്തിലും വലിയ ദുഃഖമാണ് സൃഷ്ടിച്ചത്. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം പഠിച്ചുവരികയായിരുന്ന ഇരുവരും പിതാവിന്റെ ബിസിനസ് കാര്യങ്ങളിലും സഹായിച്ചിരുന്നു. നാട്ടിലെത്തുമ്പോൾ കലാ-കായിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ദുരന്തവാർത്ത പുറത്തുവന്നതോടെ പ്രവാസി സംഘടനകളും നാട്ടിലെ വിവിധ കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇടപെടലിലൂടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് പകരം യുഎഇയിൽത്തന്നെ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കി.
