Home Keralaശബരിമലയിൽ തീർത്ഥാടകർക്ക് വൻ ആശ്വാസം; മരണം സംഭവിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ, ഇൻഷുറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്

ശബരിമലയിൽ തീർത്ഥാടകർക്ക് വൻ ആശ്വാസം; മരണം സംഭവിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ, ഇൻഷുറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്

by news_desk1
0 comments

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ധനസഹായം ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. എൽ.ഐ.സിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങൾ വഴി ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ശബരിമലയിലെത്തുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും പരിരക്ഷ ഉണ്ടായിരിക്കുക. തീർത്ഥാടകർക്ക് കൂടുതൽ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്ന തരത്തിലാണ് ഇത്തവണത്തെ ക്രമീകരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറക്കുന്നതിന് മുൻപ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കും. മരാമത്ത് പണികളെല്ലാം അവസാനിച്ചു. മലകയറുന്നതിനിടെ വിശ്രമിക്കാൻ ഇരിപ്പിടങ്ങളില്ലെന്ന പരാതി പരിഹരിക്കാൻ 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലിൽ ഒരേസമയം രണ്ടായിരത്തോളം പേർക്ക് വിശ്രമിക്കാവുന്ന രണ്ട് വലിയ പന്തലുകളും ഒരുക്കിയിട്ടുണ്ട്.

വഴിപാടുകൾക്ക് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കും. ഡോളി സർവീസുകൾ മുഴുവൻ പ്രീ-പെയ്ഡ് സംവിധാനത്തിലാക്കും. ഈ മാസം 17ന് നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടാകുമെന്നും ജയകുമാർ അറിയിച്ചു. അരവണ നിർമാണത്തിന് ആവശ്യമായ ശർക്കരയുടെ കാര്യത്തിൽ നിലവിൽ ആശങ്കയില്ല. നെയ്യ് മിൽമയിൽ നിന്നായിരിക്കും വാങ്ങുക.

മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചിട്ടുണ്ട്. നിലവിൽ ബുക്കിങ്ങിന് തടസ്സങ്ങളില്ല. ശുചിമുറികളുടെ നടത്തിപ്പ് ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ ദേവസ്വം നേരിട്ട് നിർവഹിക്കും. ഓരോ മണിക്കൂർ ഇടവിട്ട് ശുചീകരണം നടത്തുന്നതിനായി 200ലധികം തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്.

ഇത്തവണ മുതൽ അരവണയും അപ്പവും തപാൽ വഴി തീർത്ഥാടകർക്ക് ലഭ്യമാക്കാനും ക്രമീകരണമുണ്ട്. തപാൽ വകുപ്പുമായി സഹകരിച്ചാണ് ഇതിനുള്ള സംവിധാനം ഒരുക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

You may also like