കൊച്ചി: വിദ്യാർഥി പ്രതിഷേധങ്ങൾ എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ എന്ന ചോദ്യവുമായി ഹൈക്കോടതി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ നടപടിക്കെതിരെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. പ്രതിഷേധത്തിന്റെ പേരിൽ നടപടി നേരിട്ട വിദ്യാർഥികൾക്കെതിരായ സർവകലാശാലയുടെ നടപടിക്രമങ്ങളും മാപ്പ് പറയണമെന്ന ആവശ്യവും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.
അന്വേഷണ സമിതിയുടെ റിപ്പോർട്ട് ചട്ടപ്രകാരമല്ല തയ്യാറാക്കിയതെന്നും തങ്ങൾക്കെതിരെ എന്ത് കുറ്റമാണ് കണ്ടെത്തിയതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും വിദ്യാർഥികൾ കോടതിയിൽ വാദിച്ചു. നാലു വിദ്യാർഥികളുടെ സസ്പെൻഷൻ വീണ്ടും നീട്ടിയതായും 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാൻ ഖേദപ്രകടനം നടത്തണമെന്ന നിബന്ധന മുന്നോട്ടുവച്ചതായും അവർ ചൂണ്ടിക്കാട്ടി. ഇത് സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും വിദ്യാർഥികൾ വാദിച്ചു.
അതേസമയം, നടപടി നേരിട്ട വിദ്യാർഥികൾക്കെതിരെ മുൻപും കേസുകളുണ്ടെന്നും ബിരുദദാന ചടങ്ങിൽ ഇതുവരെ പ്രതിഷേധങ്ങളുണ്ടായിട്ടില്ലെന്നും സർവകലാശാലയുടെ സ്റ്റാൻഡിങ് കൗൺസിൽ കോടതിയെ അറിയിച്ചു. ഒരു ദിവസത്തെ ബാനർ പ്രതിഷേധം കൊണ്ട് വിദ്യാർഥികളുടെ അരിശം തീർന്നില്ലേയെന്ന ചോദ്യവും സർവകലാശാല കോടതിയിൽ ഉന്നയിച്ചു.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിദ്യാർഥികൾ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സർവകലാശാല സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകിയ വിദ്യാർഥികൾ, മാപ്പ് പറയില്ലെന്ന നിലപാടിലാണ്.
ഇതിനിടെ, മാധ്യമങ്ങളുടെ റിപ്പോർട്ടിങ് രീതിയെയും കോടതി പരാമർശിച്ചു. എന്ത് റിപ്പോർട്ട് ചെയ്യണം, എന്ത് ചെയ്യേണ്ട എന്നത് മാധ്യമങ്ങളല്ലേ തീരുമാനിക്കേണ്ടതെന്നും അതല്ലേ മാധ്യമസ്വാതന്ത്ര്യമെന്നും കോടതി ചോദിച്ചു.
