പത്തനംതിട്ട: ആറന്മുള എംഎൽഎയായിരിക്കെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന നിലവിലെ എംഎൽഎ അബിൻ വർക്കിയുടെ ആരോപണത്തിന് പദ്ധതികളുടെ വിവരങ്ങൾ നിരത്തി മറുപടിയുമായി മുൻ എംഎൽഎയും മന്ത്രിയുമായ വീണാ ജോർജ്. 2022-23 മുതൽ മണ്ഡലത്തിൽ പൂർത്തീകരിച്ചതും നിർമാണത്തിലിരിക്കുന്നതുമായ വിവിധ പദ്ധതികളുടെ ചിത്രങ്ങളും ടെൻഡർ ചെയ്ത പ്രവൃത്തികളുടെ ഔദ്യോഗിക രേഖകളും ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ പങ്കുവച്ചു.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം, വള്ളംകുളം യു.പി. സ്കൂൾ, മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള റോഡും സൗന്ദര്യവത്കരണവും, മൂലൂർ റോഡ്, ആനപ്പാറ സ്കൂൾ, കുമ്പഴ–കോന്നി–വെട്ടൂർ റോഡ്, ഉളനാട്–പോസ്റ്റ് ഓഫീസ് പടി–പാണിൽ റോഡ്, ഇലന്തൂർ–ഇടപ്പരിയാരം–മുക്കോട് റോഡ് തുടങ്ങിയ പ്രവൃത്തികളാണ് വീണാ ജോർജ് ചൂണ്ടിക്കാട്ടിയത്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതും പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർമാണം പൂർത്തിയായശേഷം എംഎൽഎ ഫണ്ടിൽനിന്ന് തുക അനുവദിക്കേണ്ടിയിരുന്ന ചില പദ്ധതികൾക്ക് ധനവകുപ്പിന്റെ പ്രത്യേക അനുമതി നേടിയിരുന്നുവെന്നും അവർ വ്യക്തമാക്കി. കോഴഞ്ചേരി പുതിയ പാലത്തിലെ ആർച്ച് ലൈറ്റുകൾ, പത്തനംതിട്ട സ്റ്റേഡിയത്തിലെ വി.ഐ.പി. പവലിയൻ എന്നിവ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി ക്രിട്ടിക്കൽ കെയർ ബ്ലോക്കിനായി ഉപകരണങ്ങൾ വാങ്ങുന്നതിനും എംഎൽഎ ഫണ്ടിൽനിന്ന് തുക അനുവദിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. എംആർഐ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് പരിഗണിച്ചിരുന്നത്. നിർമാണം വൈകിയതിനെത്തുടർന്ന് വകുപ്പ് കൂടുതൽ തുക അനുവദിക്കാൻ തീരുമാനിച്ചതോടെ എംഎൽഎ ഫണ്ടിലെ ശേഷിക്കുന്ന തുക മറ്റു പദ്ധതികൾക്കായി മാറ്റിയെന്നും അവർ വിശദീകരിച്ചു.
എന്നാൽ ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെ നടപ്പാക്കാനിരുന്ന കോഴഞ്ചേരി പാലത്തിലെ ലൈറ്റുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ അബിൻ വർക്കി റദ്ദാക്കാൻ നിർദേശം നൽകിയെന്നാണ് വീണാ ജോർജിന്റെ ആരോപണം. റദ്ദാക്കാൻ നിർദേശിച്ച പ്രവൃത്തികൾ പൂർത്തിയാക്കണമെന്നും ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന് വിവരാവകാശ രേഖ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു രൂപ പോലും ചെലവഴിക്കാത്ത ഏക എംഎൽഎ വീണാ ജോർജാണെന്നായിരുന്നു അബിൻ വർക്കിയുടെ ആരോപണം. വീണാ ജോർജ് മറുപടി നൽകിയശേഷം വിവരാവകാശ രേഖ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
