Home Keralaസസ്‌പെൻഷൻ പിൻവലിച്ച് പരീക്ഷ നടത്തണം; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലിന് കാലടി സർവകലാശാല

സസ്‌പെൻഷൻ പിൻവലിച്ച് പരീക്ഷ നടത്തണം; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലിന് കാലടി സർവകലാശാല

by news_desk1
0 comments

കൊച്ചി: സസ്‌പെൻഷനിലായ വിദ്യാർഥികളെ തിരിച്ചെടുത്ത് പ്രത്യേക പരീക്ഷ നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനൊരുങ്ങി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും പ്രാഥമിക ചർച്ച നടത്തി. വിദഗ്ധ നിയമോപദേശം തേടിയശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കോടതി വിധിക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. അപ്പീൽ നടപടികളുമായി മുന്നോട്ടുപോകാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയതായി സിൻഡിക്കേറ്റ് അറിയിച്ചു.

വിദ്യാർഥികൾക്ക് അനുകൂലമായി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിൽ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഹൈക്കോടതി തള്ളിയിരുന്നു. സംഭവത്തിൽ വീണ്ടും അന്വേഷണം നടത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണമെന്നാണ് ഉത്തരവ്.

വിദ്യാർഥികൾക്കെതിരായ ശിക്ഷാനടപടി പ്രത്യേക പരീക്ഷ നടത്താതിരിക്കാനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. പത്ത് വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനാണ് നിർദേശം. ഇവർക്ക് ക്യാമ്പസിൽ പ്രവേശിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയതിനെ തുടർന്നാണ് സർവകലാശാല 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്. ഈ നടപടിക്കെതിരായ നിയമപോരാട്ടത്തിലാണ് വിദ്യാർഥികൾക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടായത്. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള സർവകലാശാലയുടെ നീക്കം കേസിൽ തുടർനിയമനടപടികൾക്ക് വഴിതുറക്കുകയാണ്.

You may also like